secretariat

മേയ് രണ്ടിലെ സൂര്യോദയത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. അന്നത്തെ ഉദയസൂര്യൻ ചുവന്നിരിക്കുമോ ത്രിവർണങ്ങളിലായിരിക്കുമോ അതോ കാവി കലരുമോ എന്നറിയാൻ. അതുകൊണ്ടുതന്നെ ഉത്കണ്ഠാകുലരാണ് മൂന്ന് മുന്നണികളും. തത്കാല മനഃശാന്തിക്കുവേണ്ടി ജനവിധി തങ്ങൾക്ക് അനുകൂലമാണെന്ന് ഉറപ്പിക്കാനുള്ള കണക്കുകൂട്ടലിലും കുറയ്ക്കലിലുമാണ്. അതുകൊണ്ടും മതിയാകുന്നില്ലെന്ന് കാണുന്നവർ കണക്കുകൂട്ടലിന് പുറമേ ഗണിച്ചു നോക്കുക കൂടി ചെയ്യുന്നുണ്ടാകും.

മുന്നണികൾ ഇൗ തത്രപ്പാടിൽ അറിയാത്തതോ വിസ്മരിച്ചതോ ആയ ഒരു ചരിത്രമുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു നിയമസഭയുടെ പുനഃസംഘടന 'ചാപിള്ള'യായിപ്പോയ ഒരു അദ്ധ്യായം.

1964 കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവിന്റെ കാലമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റിന്റെ പാർട്ടി ഭിന്നിപ്പാൽ 'സി.പി.എം, സി.പി.ഐ' എന്നീ രണ്ട് പാർട്ടികളായി. കോൺഗ്രസിന്റെ ഏകകക്ഷി ഭരണത്തിന് തുടക്കവും ഒടുക്കവും കുറിച്ച അവസരം. ശങ്കർ മന്ത്രിസഭയുടെ പതനത്തിന് പ്രതിപക്ഷത്തിന് കൂട്ടുനിന്നതിനു ശേഷം കോൺഗ്രസിൽ നിന്ന് വിഘടിച്ചവർ കേരള കോൺഗ്രസ് എന്ന കക്ഷിയുമായി. ഭിന്നിപ്പിന്റെ ആദ്യ നാളുകളിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലും കോൺഗ്രസും കേരള കോൺഗ്രസും തമ്മിലും ബദ്ധശത്രുക്കളെപ്പോലെയാണ് കഴിഞ്ഞത്. അതുവരെ കെട്ടുറപ്പോടെ നിന്നിരുന്ന ഇൗ രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഉണ്ടായ പിളർപ്പും വീക്ഷണമാറ്റവും ജനങ്ങളിലും ആഴമേറിയ ചേരിതിരിവ് സൃഷ്ടിച്ചു. ഇൗ രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു മൂന്നാം കേരള നിയമസഭ പുനഃസംഘടിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് 1965 മാർച്ച് നാലിന് നടന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ പാർട്ടികളും കക്ഷി ബന്ധമില്ലാതെ ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. ഫലമോ? ഒരു കക്ഷിക്കും ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. തിരഞ്ഞെടുക്കപ്പെട്ടുവന്ന കക്ഷികൾ അന്യോന്യം പുലർത്തിയിരുന്ന രാഷ്ട്രീയ വൈരവും പരസ്പരവിശ്വാസമില്ലായ്‌മയും ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്ക്കുള്ള സാദ്ധ്യത ഇല്ലാതെയുമാക്കി.

മന്ത്രിസഭ ഉണ്ടാകാതെ നിയമപ്രകാരം നിയമസഭ പുനഃസംഘടിപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് മൂന്നാഴ്ചവരെ കാത്തിരുന്നിട്ടും മന്ത്രിസഭ ഉണ്ടായില്ല. അതോടെ തിരഞ്ഞെടുപ്പ് ഫലം ''തൂക്കു നിയമസഭ''യായി. ഒടുവിൽ നിയമസഭ പുനഃസംഘടിപ്പിക്കാതെ തിരഞ്ഞെടുപ്പുഫലം 1965 മാർച്ച് 24 ന് റദ്ദാക്കപ്പെട്ടു. നിയമസഭ പുനഃസംഘടന ഇൗ വിധമൊരു ''ചാപിള്ള''യായ സംഭവം നിയമസഭകളുടെ ചരിത്രത്തിൽ അതിന് മുമ്പും പിന്നീട് നാളിതുവരെയും ഉണ്ടായിട്ടില്ലാത്തൊരു അദ്ധ്യായമാണ്.

തിരഞ്ഞെടുപ്പു ഫലം റദ്ദാക്കപ്പെട്ടതിനാൽ ശങ്കർ മന്ത്രിസഭയുടെ പതനത്തെത്തുടർന്ന് 1964 സെപ്തംബർ 10 ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം തുടരുകയുണ്ടായി. അത് കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം (രണ്ടരവർഷം) തുടർന്നു. ഇൗ ദുരവസ്ഥയുടെ ആവർത്തനം കേരളത്തിന്റെ സർവതോമുഖമായ അഭ്യുന്നതിക്കും ഹാനികരമാണെന്നത് സംസ്ഥാനത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കാൻ കച്ചകെട്ടിയിറങ്ങുന്നവർ മനസിലാക്കി പിന്നീട് പ്രവർത്തിച്ചത് സംസ്ഥാനത്തിനും അവർക്കും ഗുണകരമായി.

(ലേഖകന്റെ ഫോൺ: 9847438061)