പാലോട്: കുറുപുഴ മുതൽ വലിയ താന്നിമൂട് ജംഗ്ഷൻ വരെയും പാണ്ഡ്യൻപാറ മുതൽ മൈലമൂട് വരെയും, കാലൻ കാവ് മുതൽ നവോദയ സ്കൂൾ, വട്ടപ്പൻകാട്, നാഗരവരെയും റോഡിലും ജനവാസ മേഖലകളിലും വനത്തിലും കോഴി മാലിന്യങ്ങളും അറവ്, ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നതിനാൽ ജനജീവിതം ദു:സ്സഹമായി. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അറവുശാലകൾക്കും ഹോട്ടലുകൾക്കുമെതിരെ യാതൊരു നടപടിയുമെടുക്കാതെ അധികൃതർ മൗനം പാലിക്കുമ്പോൾ ജനങ്ങൾ ദുരിതത്തിലാണ്. രാത്രികാലങ്ങളിലാണ് മാലിന്യം വാഹനങ്ങളിൽ ശേഖരിച്ച് കൊണ്ടു തള്ളുന്നത്.മാലിന്യം മറവ് ചെയ്യാൻ മിക്ക കടകൾക്കും സംവിധാനമില്ല. ചാക്കുകളിൽ സംഭരിക്കുന്ന മാലിനും രാത്രി 11 മണിക്ക് ശേഷം വാഹനങ്ങളിൽ കൊണ്ടുപോയി ജനവാസ മേഖലയിലെ റോഡുകളിലും വനങ്ങളിലും തള്ളുന്നു. ഈ മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാൻ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത്. പാണ്ഡിയൻപാറ, കാലൻകാവ് നവോദയ സ്കൂൾ, നാഗര, കുറുപുഴ ,താന്നിമൂട് എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം രൂക്ഷമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചു പേർക്കാണ് മാലിന്യം ഭക്ഷിക്കാനെത്തുന്ന വന്യമൃഗങ്ങളുടെ അക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റത്.