കാസർകോട്ടു നിന്നുള്ള യുവാവ് രഞ്ജിത്ത് നേടിയ വാർത്താപ്രാധാന്യത്തിന് ഒട്ടേറെ മാനങ്ങളുണ്ട്. റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ അസി. പ്രൊഫസർ ജോലി ലഭിച്ച രഞ്ജിത്ത് സമൂഹമാദ്ധ്യമത്തിൽ ഒരു പോസ്റ്റിട്ടു. ടാർപോളിൻ വലിച്ചുകെട്ടിയ പൂശാത്ത ഒറ്റമുറി വീടിന്റെ ഫോട്ടോയ്ക്ക് താഴെ ആ ചെറുപ്പക്കാരൻ ഇങ്ങനെ എഴുതി:
''ഈ വീട്ടിലാണ് ഞാൻ ജനിച്ചത്. ഇവിടെയാണ് വളർന്നത്. ഇവിടെയാണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടിൽ ഒരു ഐ.ഐ.എം പ്രൊഫസർ ജനിച്ചിരിക്കുന്നു." ഈ പോസ്റ്റ് വൈറലായി. സ്വാഭാവികമായും രഞ്ജിത്ത് വാർത്താപ്രാധാന്യം നേടുകയും ചെയ്തു. വ്യക്തികൾ ഉയരങ്ങളിലെത്തുകയും വിജയിക്കുകയും ചെയ്യുമ്പോഴാണ് വാർത്തയാകുന്നതും മറ്റുള്ളവർക്ക് പ്രചോദനമാകുന്നതും. എന്നാൽ ഇത്രയും മിടുക്കനായ രഞ്ജിത്തിനെ ജോലിക്കെടുക്കാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരസ്‌കരിച്ചിട്ടുണ്ട്. ദളിത് സമൂഹത്തിൽ നിന്ന് ഒരാൾ മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡി എടുത്ത് അഭിമുഖത്തിന് ചെല്ലുന്നത് തന്നെ നമ്മുടെ യൂണിവേഴ്സിറ്റികൾ വാഴുന്ന തമ്പുരാക്കന്മാർക്ക് പിടിക്കത്തില്ല. ദളിത് പിന്നാക്ക സമൂഹത്തിൽപ്പെട്ടവർ നേടുന്ന മികവുകളുടെ മാറ്റ് കുറച്ച് കാണുന്ന ഒരു തിമിരം കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളുടെയും കൈകാര്യക്കാരെ പൊതുവെ ബാധിച്ചിട്ടുള്ള ഒന്നാണ്. ഇവനങ്ങ് വളർന്ന് വലുതായിപ്പോയാലോ എന്ന ഭയം കാരണമാണ് അങ്ങനെയുള്ളവർക്ക് ജോലി നൽകാതെ മുളയിലേ നുള്ളാൻ ഇക്കൂട്ടർ ശ്രമിക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നാല് ഒഴിവുണ്ടെന്ന് 2020ൽ കാലിക്കറ്റ് സർവകലാശാല വിജ്ഞാപനമിറക്കിയിരുന്നു. ഇതിനായി അഭിമുഖം നടത്തിയെങ്കിലും മൂന്ന് പേരെ മാത്രമാണ് എടുത്തത്. നാലാമനായ രഞ്ജിത്തിനെ തഴഞ്ഞു. ആ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. രഞ്ജിത്തിനെ വെട്ടിയതിനു ശേഷം എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്ന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തില്ലെന്ന് റിപ്പോർട്ട് ചെയ്തതായാണ് മനസിലാകുന്നത്. അതേസമയം ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ ഭാര്യയോ സഹോദരിയോ സഹോദരനോ മറ്റോ ആണ് അഭിമുഖത്തിന് വരുന്നതെങ്കിൽ പത്താംസ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തെത്തിക്കാൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലെ വിദഗ്ദ്ധർ മത്സരിക്കും. രാഷ്ട്രീയ നേതാവിന്റെ ബന്ധുവാകുന്നത് ഒരു അയോഗ്യതയല്ല. ശരിയായ യോഗ്യതകൾ പുലർത്തുന്നവരെ നിയമിക്കാം. പക്ഷേ അവിടെ രഞ്ജിത്തുമാർ തഴയപ്പെട്ടു പോകരുത്. ദളിത് സമൂഹത്തിലും മറ്റും ഉൾപ്പെടുന്ന മിടുമിടുക്കന്മാരായ ഇതുപോലുള്ള നിരവധി ചെറുപ്പക്കാർ നിരവധി വാതിലുകളിൽ മുട്ടുന്നുണ്ട്. പലതും തുറക്കാറില്ല. മനസ് മടുത്ത് കേരളത്തിന് വെളിയിലോ വിദേശത്തോ പോയി നേട്ടം കരസ്ഥമാക്കുമ്പോൾ അവരുടെ മിടുക്കിനെക്കുറിച്ച് നമ്മൾ പുകഴ്‌ത്തും.
രഞ്ജിത്തിന്റെ വീടിന്റെ പടം കണ്ടാൽ ആർക്കും വിഷമം തോന്നും. കാസർകോട് പനത്തടി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വീടുള്ളത്. തയ്യൽ തൊഴിലാണ് അച്ഛന്. അമ്മ തൊഴിലുറപ്പ് തൊഴിലാളിയും. പല തവണ ഈ കുടുംബം വീടിന് അപേക്ഷിച്ചെങ്കിലും പനത്തടി പഞ്ചായത്ത് അത് നിരസിക്കുകയാണ് ചെയ്തത്. ഇനിയിപ്പോൾ പഞ്ചായത്തിന്റെ സഹായം ആവശ്യമില്ലല്ലോ. ആ ചെറുപ്പക്കാരൻ തന്നെ അവിടെ വീട് വച്ചുകൊള്ളും. വിജയിക്കുന്നവർ ഒറ്റപ്പെട്ട വാർത്തകളായി അവസാനിക്കും. രഞ്ജിത്തിനെപ്പോലെ മിടുക്കരായ നിരവധി ചെറുപ്പക്കാർ ദളിത് സമൂഹങ്ങളിലുണ്ട്. നിരവധി തവണ തിരസ്‌കരിക്കപ്പെട്ടവർ. അവരെ സഹായിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് സ്വതന്ത്ര ചിന്തയുള്ളവർ ആലോചിക്കണം. അതിലേക്കൊരു ചൂണ്ടുപലകയാകട്ടെ കാസർകോട്ടെ ഈ യുവാവിന്റെ വിജയം.