kk-

കേരളത്തിൽ കുടുംബ ആത്മഹത്യകൾ വർദ്ധിച്ചുവരുന്നത് സങ്കടകരമാണ്. ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാതെ, വരവിൽ കവിഞ്ഞ ചെലവ് നിയന്ത്രിക്കാൻ കഴിയാതെ, കടക്കെണിയുടെ ഊരാക്കുടുക്കിൽപ്പെട്ട് മോചനത്തിന് വഴികാണാതെ ഒടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നവർ നിരവധിയാണ്. കുടുംബ ആത്മഹത്യ ചെയ്യുന്നവർ ജീവിച്ചുകൊതിതീരാത്ത നിഷ്കളങ്കരും നിരപരാധികളുമായ തങ്ങളുടെ അരുമ കിടാങ്ങളെ ഭക്ഷണ പാനീയങ്ങളിലും മറ്റും മാരകവിഷം കലർത്തിക്കൊടുത്ത് കൊലപ്പെടുത്തുന്നത് മഹാപാപമാണ്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാതെ നിരാശയുടെ പടുകുഴിയിൽ കഴിയുന്ന നിരവധി ദമ്പതികൾ ഇവിടെയുണ്ട്. ഒരു ഉണ്ണി പിറന്നുകാണാൻ കൊതിച്ച് ദേവാലയങ്ങൾ തോറും നേർച്ചകളും വഴിപാടുകളുമായി കഴിയുന്നവരുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ചും ക്ളേശങ്ങൾ സഹിച്ചും ടെസ്റ്റ് ട്യൂബ് ശിശുക്കളിലൂടെ തങ്ങളുടെ ജന്മസാഫല്യം നേടുന്നവരുണ്ട്. സന്താനഭാഗ്യമില്ലാത്തവരിൽ പലരും കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തി മിടുക്കരാക്കി തങ്ങളുടെ ജീവിതത്തിന് അർത്ഥവും മിഴിവും നൽകുന്നവരുണ്ട്. ഒരുവശത്ത് ചില മാതാപിതാക്കൾ ജീവിത നൈരാശ്യത്തിന്റെ പേരിൽ ആത്മഹത്യക്ക് ഒരുമ്പെടുമ്പോൾ ദൈവത്തിന്റെ വരദാനമായി തങ്ങൾക്കു ലഭിച്ച പിഞ്ചോമനകളെ കൂടി അകാലമൃത്യുവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കഷ്ടമാണ്.

ആത്മഹത്യ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. നിഷ്കളങ്കരും നാളെയുടെ വാഗ്‌ദാനങ്ങളുമായ കുഞ്ഞുങ്ങളെക്കൂടി കുരുതി കൊടുത്ത്, കുടുംബങ്ങൾ ഇല്ലാതാകരുത്. ആത്മഹത്യയെ പ്രതിരോധിക്കാൻ മാനസിക പിന്തുണ നല്‌കാൻ സമൂഹവും ഭരണകൂടങ്ങളും ശക്തമായ സംവിധാനങ്ങൾ ഒരുക്കുക. അതിലുപരി മാനസികാരോഗ്യം നേടാൻ ബാല്യം മുതൽ പരിശീലിപ്പിക്കുക. മറക്കരുത്, ആത്മഹത്യ കുറ്റകൃത്യവും ഒളിച്ചോട്ടവുമാണ്.

ആർ. പ്രകാശൻ,

ചിറയിൻകീഴ്

നടപടി സ്വീകരിക്കണം

സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും വേതന വ്യവസ്ഥകൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ വി.ആർ.എസ് എടുക്കുന്നതിനുള്ള കാലയളവ് 15 വർഷമായി കുറച്ചുകൊണ്ട് ശുപാർശ നൽകിയിരുന്നു. കൂടാതെ ജീവനക്കാരുടെ ലീവ് വ്യവസ്ഥകളിൽ അസുഖബാധിതരായ മാതാപിതാക്കളെയും, മൂന്ന് വയസിനു താഴെയുള്ള കുട്ടികളെയും സംരക്ഷിക്കുന്നതിന് ഒരു വർഷം വരെ 40 ശതമാനം ശമ്പളത്തോടെ അവധിയും പിതൃത്വ അവധി 15 ദിവസമായി വർദ്ധിപ്പിച്ചുകൊണ്ടും ശുപാർശ ഉണ്ടായിരുന്നു. എന്നാൽ ശുപാർശകൾ നാളിതുവരെ സർക്കാർ അംഗീകരിച്ച് ഉത്തരവായതായി കാണുന്നില്ല. വി.ആർ.എസ് എടുക്കുന്നതിനുള്ള കാലാവധി കുറച്ചതടക്കമുള്ള ഉപകാരപ്രദമായ ശുപാർശകൾ സർക്കാർ അംഗീകരിച്ച് ഉത്തരവാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.

സജീവ്. എസ്.

കാട്ടാക്കട