തിരുവനന്തപുരം: മലയാളി സ്ത്രീത്വത്തിന് വിപ്ലവമുഖം സമ്മാനിച്ച ആ തീക്കനൽ ജീവിത സായന്തനത്തിലും സന്തോഷവതിയാണ്, നിറഞ്ഞ് ചിരിക്കുന്ന മുത്തശ്ശിയാണ്. എട്ടു വയസുകാരി അച്ചുവും മൂന്നുവയസുകാരി ആദിയും കലപിലയുമായി ചുറ്റും കൂടുമ്പോൾ 102 ന്റെ അവശതകൾ മറന്ന് ഗൗരിഅമ്മയുടെ മുഖം ചിരി സമ്മാനിക്കും. വിപ്ലവത്തിന്റെ ഈരടികൾ നിറഞ്ഞ ആലപ്പുഴ ചാത്തനാട്ടിൽ വിരസത അനുഭവപ്പെട്ടപ്പോഴാണ് ഗൗരിഅമ്മ സഹോദരിയുടെ മകൾ ബീനയുടെ വഴുതയ്‌ക്കാട്ടുള്ള തറയിൽ വീട്ടിലെത്തിയത്.
ബീനയുടെ മകൻ അരുൺകുമാർ, മകൾ ഡോ. പാർവതിയുടെ മക്കളായ അച്ചു, ആദി, മരുമകൾ ലക്ഷ്മി, ബീനയുടെ ഭർത്താവ് ഡോ. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കൊപ്പമെത്തിയതോടെയാണ് ഗൗരിഅമ്മ ജീവിതവിരസത അലിഞ്ഞുപോയത്. പേരക്കിടാങ്ങൾ അടുത്തിരുന്ന് കഥ പറയും, കൈപിടിച്ച് നടത്തിക്കും. എങ്കിലും കൂടുതൽ നടക്കാനാവില്ല. ചാത്തനാട്ടെ വീട്ടിൽവച്ചുണ്ടായ വീഴ്‌ചയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും അത് നടത്തത്തെ ബാധിച്ചു. മന്ത്രിയായും എം.എൽ.എയായും വർഷങ്ങളോളം തലസ്ഥാനത്ത് വാണ ഗൗരിഅമ്മയുടെ ശേഷജീവിതവും ഇവിടെയായിരിക്കും. ഇതുകാരണം ചാത്തനാട്ടെ വീട് പൂട്ടിയിട്ടു.
കേൾവിക്കുറവുണ്ട്. സംസാരം വല്ലപ്പോഴും മാത്രം. ഇടയ്‌ക്കിടയ്‌ക്ക് പഴയകാര്യങ്ങൾ ഓർക്കും. പക്ഷേ രാഷ്ട്രീയം പക്കയാണ്. നടക്കുന്ന കാര്യങ്ങൾ അപ്പോഴപ്പോൾ അറിയണം. അതിനായി പേപ്പർ വായിക്കുകയോ മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുകയോ ചെയ്യും. എൽ.ഡി.എഫ് വിജയിക്കുമെന്നാണ് പറയുന്നത്. അലർജിയുള്ളതിനാൽ കൊവിഡ് വാക്‌സിൻ എടുക്കാനായില്ല. അതുകൊണ്ട് പുറത്ത് നിന്നുള്ളവർക്ക് ഗൗരിഅമ്മയെ കാണാൻ അനുമതിയുമില്ല.
പതിവ് ശീലങ്ങൾ ഇങ്ങനെ
രാത്രി 9.30ന് ഉറങ്ങും
രാവിലെ 6.30ന് ഉണരും
രാവിലെ ചായ, ഓട്സ്, പഴം പുഴുങ്ങിയത്
ഉച്ചയ്‌ക്ക് ചോറ്
വൈകിട്ട് പാൽ, പഴം പുഴുങ്ങിയത്, രാത്രി ഓട്സ്