kadala

തിരുവനന്തപുരം: പാവപ്പെട്ട കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാൻ കേന്ദ്രത്തിൽ നിന്ന് ലഭിച്ച 1012 ക്വിന്റൽ (1.01 ലക്ഷം കിലോ) കടല റേഷൻ കടകളിലും ഡിപ്പോകളിലും കെട്ടിക്കിടന്ന് നശിക്കുന്നു.

ലോക്ക് ഡൗണിനുശേഷം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമാണ്, മുൻഗണനാ വിഭാഗമായ പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യമായി നൽകാൻ അരിയും കടലയും കേരളത്തിന് കിട്ടിയത്. പദ്ധതി കാലാവധി 2020 നവംബറിൽ അവസാനിച്ചിരുന്നു. അതോടെ വിതരണം നിലച്ചു. റേഷൻകടകളിൽ എത്തിച്ചതും ഡിപ്പോകളിൽ ശേഖരിച്ചതും ബാക്കിയായി. എന്നാൽ, അരിവിതരണം യഥാസമയം നടത്താനായി.

സ്റ്റോക്കുള്ള കടല തുടർന്നും വിതരണം ചെയ്യാൻ സംസ്ഥാനം അനുമതി വാങ്ങിയില്ല. അനുമതി ചോദിച്ചതാവട്ടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദമില്ലാതെ ഉത്തരവിറക്കാൻ കഴിയില്ലെന്നു മറുപടിയും ലഭിച്ചു. തിരഞ്ഞെടുപ്പിനുശേഷം കത്തിടപാടുകൾ നടന്നതുമില്ല.

ഇതിനിടെ കേന്ദ്രം നൽകിയ കടലയിൽ 296 ക്വിന്റൽ ഭക്ഷ്യക്കിറ്റിലേക്ക് സംസ്ഥാന സർക്കാർ വകമാറ്റിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടെയാണ് വകമാറ്റിയതെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.

80 ലക്ഷത്തിന്റെ കടല

1012 ക്വിന്റൽ:കെട്ടിക്കിടക്കുന്നത്

80 രൂപ: മാർക്കറ്റ് വില കിലോയ്ക്ക്

80.96 ലക്ഷം: മൊത്തം വില

4 മാസം:സ്റ്റോക്കിന്റെ പഴക്കം

3 മാസം മുതൽ : പൂപ്പൽ ബാധ

6 മാസമായാൽ: ഉപയോഗശൂന്യം

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന

''കടല നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഡിപ്പോ അധികൃതർക്ക് നിർദേശം നൽകിയിരുന്നു''

- ഭക്ഷ്യമന്ത്രിയുടെ ഓഫീസ്.