തിരുവനന്തപുരം: ആഘോഷങ്ങളുടെ ഘോഷയാത്രയ്‌ക്ക് പിന്നാലെ പിടിതരാതെ പറക്കുന്ന ചിക്കൻവില അടുക്കളകളുടെ താളം തെറ്റിക്കുന്നു. ഈസ്റ്ററിന് പിന്നാലെയാണ് വില വർദ്ധനവുണ്ടായത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. റംസാൻ നോമ്പ് തുടങ്ങാനിരിക്കെയാണ് ചിക്കന്റെ വിലവർദ്ധന. തെക്കൻ ജില്ലകളിൽ കിലോയ്‌ക്ക് 150 രൂപ വരെയായപ്പോൾ വടക്കൻ ജില്ലകളിൽ അത് 220 രൂപയാണ്.
തമിഴ്‌നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവർദ്ധനയ്‌ക്കുള്ള പ്രധാന കാരണം. മാത്രമല്ല ചൂട് കൂടിയതോടെ കോഴികളുടെ തൂക്കവും കുറഞ്ഞു. മുമ്പ് ശരാശരി 3 - 4 കിലോയുണ്ടായിരുന്ന കോഴികൾക്കിപ്പോൾ രണ്ട് കിലോയിൽ താഴെയാണ് തൂക്കം.
തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ കോഴിയുടെ വരവ് കുറഞ്ഞെന്ന് വ്യാപാരികളും പറഞ്ഞു. ഇന്ധന വില വർദ്ധനയും കോഴി വില ഉയരാൻ കാരണമായി. എന്നാൽ തീറ്റ നൽകുന്നതിനടക്കമുള്ള ചെലവ് കണക്കാക്കിയാൽ വില വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് തലസ്ഥാനത്തെ ഫാമുടമ പറയുന്നു. കൂടാതെ ചൂട് താങ്ങാനാകാതെ നിരവധി കോഴികൾ ദിവസവും ചാകുന്നുമുണ്ട്. ഇതും ഫാമുടമകൾക്ക് നഷ്ടമാണ്.
വില കൂടിയതോടെ വില്പനയും കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു. നിശ്ചിത ദിവസം കഴിഞ്ഞാൽ ബ്രോയിലർ കോഴികൾ ചത്തുപോകാൻ സാദ്ധ്യതയുള്ളതിനാൽ ഇത് ഫാമുടമകൾക്കും കച്ചവടക്കാർക്കും നഷ്ടമുണ്ടാക്കുകയാണ്. വടക്കൻ കേരളത്തിൽ ഇപ്പോൾ ബ്രാൻഡഡ് ചിക്കന് 250 രൂപയും ബോൺലെസ് ചിക്കന് കിലോയ്‌ക്ക് 330 രൂപ വരെയുമാണ് വില. കോഴിവരവ് കുറഞ്ഞാൽ വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
കോഴിക്കണക്കുകൾ ഇങ്ങനെ
തെക്കൻ ജില്ലകളിൽ വില- 150 രൂപ വരെ (കിലോയ്‌ക്ക്)
വടക്കൻ ജില്ലകളിലെ വില- 220 രൂപ വരെ
വടക്കൻ കേരളത്തിലെ ബ്രാൻഡഡ് ചിക്കൻ വില- 250 രൂപ
ബോൺലെസ് ചിക്കൻ വില- 330 രൂപ
മുമ്പ് ഒരു കോഴിക്കുണ്ടായിരുന്ന തൂക്കം: 3-4 കിലോ
ചൂട് കൂടിയപ്പോഴുള്ള തൂക്കം- 2 കിലോയിൽ താഴെ