തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ലോകായുക്ത വിധിച്ചിട്ടും മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ലോകായുക്ത നിയമം കൊണ്ടുവന്ന ഇ.കെ. നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്തയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജി വച്ച് പുറത്തുപോകണമെന്ന് വിധിച്ചത്. ലോകായുക്തയുടെ വിധിക്കെതിരെ സാങ്കേതികമായി ഹൈക്കോടതിയെ സമീപിക്കാമെന്നേയുള്ളൂ. മന്ത്രി ജലീലിനെ പുറത്താക്കാത്ത പിണറായിയുടേത് എന്ത് ധാർമികതയാണ്. സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയ ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയടക്കം രാജിവച്ച് പുറത്തുപോകണം.കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവ്‌ലിൻ അഴിമതിയാണ്. ആ കേസിലെ ആറാം പ്രതിയായ മുഖ്യമന്ത്രി ഏത് അഴിമതിക്കാരെയും സംരക്ഷിക്കും. ജലീലിന്റെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മാസങ്ങൾ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും കെ.ടി. ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കോടിയേരിയും കാനവും പറഞ്ഞത്. മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തില്ല. കാരണം അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയാണ്. അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്.