തിരുവനന്തപുരം: മേനംകുളം കല്പന കോളനിയിലെ രണ്ട് യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ 4 പ്രതികളെ ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജയവന്ത്. എൽ വെറുതേവിട്ടു. കല്പന കോളനി സ്വദേശികളായ കൊച്ചൂട്ടി എന്ന ശ്യാം കുമാർ, വിനോദ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കഴക്കൂട്ടം മേനംകുളം കല്പന കോളനി ചിറയരികത്ത് പുത്തൻ വീട്ടിൽ കല്പന സുരേഷ് എന്ന വെട്ട് സുരേഷ്, വട്ടിയൂർക്കാവ് മണികണ്ഠേശ്വരം മാവറവിളയിൽ വിനോദ്, കഴക്കൂട്ടം കിഴക്കും ഭാഗം സ്വദേശി സുമേഷ്, കല്പന കോളനി സ്വദേശി സുജിത്ത് എന്നിവരെയാണ് വെറുതേ വിട്ടത്. എട്ട് പ്രതികൾ ഉണ്ടായിരുന്നതിൽ മൂന്നുപേർ വിചാരണയ്ക്ക് മുൻപ് മരണപ്പെട്ടു. മറ്റൊരു പ്രതി സുമേഷ് ഒളിവിലാണ്. കല്പന സുരേഷിന്റെ സംഘത്തിലെ പ്രവർത്തകരായിരുന്നു ശ്യാം കുമാറും വിനോദും. പിന്നീട് പിണങ്ങിയതിന്റെ വിരോധത്താൽ ഇരുവരെയും കരിങ്കൽ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.