കിളിമാനൂർ: കർഷകരെ കണ്ണീരിലാഴ്ത്തി വേനൽ മഴ. ഉച്ചയ്ക്ക് ശേഷം എത്തുന്ന വേനൽ മഴയിൽ കൃഷി നാശത്തോടൊപ്പം മനുഷ്യനും, മൃഗങ്ങൾക്കും ജീവഹാനി കൂടി സംഭവിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം വീടിന്റെ വരാന്തയിൽ ഇരിക്കവേ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് യുവാവ് മരിച്ചിരുന്നു.
ഞാറയിൽകോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സഫീർ (36) ആണ് മരിച്ചത്. വാമനപുരത്ത് മിതൂർ വയലിൽക്കട ക്ഷീരകർഷകനായ മണിക്കുട്ടന്റെ രണ്ട് പശുക്കളാണ് ഇടിമിന്നലേറ്റ് ചത്തത്. ഇദ്ദേഹത്തിന്റെ വരുമാന മാർഗമാണ് ഇതോടെ ഇല്ലാതായത്. കൂടാതെ നിരവധി കർഷകരുടെ ഏക്കറ് കണക്കിന് കാർഷിക വിളകളും നശിച്ചു. നിരവധി പേർ പാട്ടത്തിന് എടുത്ത കൃഷി ഭൂമിയിലെ കാർഷിക വിളകളും നശിച്ചു. അടയമൺ മേടയിൽ രാഘവൻ, രവി, അശോകൻ, കുന്നിൽ വീട്ടിൽ ശശി, കട വീട്ടിൽ അനിൽ കുമാർ, തിരുവാതിരയിൽ മുരളീധരൻ എന്നിവരുടെ വാഴ, മരിച്ചീനി, പച്ചക്കറി മുതലായ വിളകളാണ് നശിച്ചത്. പ്രദേശത്തെ നിരവധി വീടുകളും തകർന്നു. വന്യമൃഗങ്ങളുടെ ശല്യത്താൽ പൊറുതി മുട്ടിയിരുന്ന കർഷകരെ ഇപ്പോൾ വേനൽ മഴയും ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രകൃതി ക്ഷോഭത്താൽ കൃഷി നശിച്ച കർഷകരെ സഹായിക്കാനും, സംഭവ സ്ഥലം സന്ദർശിക്കാനും റവന്യു അധികൃതർ തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അടയമൺ മുരളീധരൻ ആവശ്യപ്പെട്ടു.