covid

കൺസ്യൂമർ ഫെഡിന്റെ സ്കൂൾ വിപണിയും ഉണ്ടാകില്ല

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവ്യാപന സാഹചര്യത്തിൽ ഇക്കൊല്ലവും സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ സ്കൂൾ വിപണി കൂടുതൽ പ്രതിസന്ധിയിലായി. സ്കൂൾബാഗും കുടയും റെയിൻകോട്ടും നോട്ട് ബുക്കുകളും അനുബന്ധ പഠനോപകരണങ്ങളും നിർമ്മിക്കുകയും വില്ക്കുകയും ചെയ്യുന്ന മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് കൂടുതൽ നിരാശയിലായത്. തുടർച്ചയായ രണ്ടാം വർഷമാണ് സ്കൂൾ വിപണി നിശ്ചലമാകുന്നത്.

കഴിഞ്ഞ തവണ അപ്രതീക്ഷിതമായി വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്. വലിയ തുകകൾ മുടക്കി സാധനങ്ങൾ വാങ്ങിക്കൂട്ടിയതിനു പിന്നാലെയായിരുന്നു ലോക്ക്‌ ഡൗൺ. അന്നത്തെ സ്റ്റോക്ക് ഇക്കുറി വിറ്റ് കാശാക്കാമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷയും കെടുകയാണ്. ഇതോടെ മൊത്ത, ചില്ലറ വ്യാപാരികൾ ഒരുപോലെ പ്രതിസന്ധിയിലായി. കൺസ്യൂമർഫെ‌ഡ്, ത്രിവേണി സൂപ്പർ മാർക്കറ്റുകളും ഇത്തവണ സ്കൂൾ വിപണി വേണ്ടെന്ന തീരുമാനത്തിലാണ്. കുഞ്ഞുങ്ങളെ ആകർഷിക്കാൻ പരസ്യങ്ങളുമായി പ്രമുഖ കമ്പനികളെല്ലാം രംഗത്തിറങ്ങേണ്ട സമയമാണിപ്പോൾ. കഴിഞ്ഞവർഷത്തേതിന് സമാനമായി ഇക്കുറിയും

കമ്പനികളുടെ പരസ്യങ്ങൾ ഇറങ്ങിയിട്ടില്ല. എല്ലാം ഒരുകുടക്കീഴിൽ ലഭിക്കുന്ന ഷോപ്പിംഗ് മാളുകൾ ശക്തമായതോടെ പിടിച്ചുനിൽക്കാൻ ലാഭംകുറച്ച് സാധനങ്ങൾ വിറ്റഴിച്ച് ചെറുകിട വ്യാപാരികൾ മത്സരിക്കുന്നതിനിടെയായിരുന്നു കൊവിഡിന്റെ വരവ്.

'തുടർച്ചയായ രണ്ടാംവർഷവും സ്കൂൾവിപണി ഇല്ലാതായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുള്ളത്. പെരുനാൾ കാലത്തെ 30 ദിവസത്തെ കച്ചവടമാണ് മുന്നിലുള്ള പ്രതീക്ഷ. ഈ സമയത്ത് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ പ്രതിസന്ധിലാക്കരുത്.'

-ടി. നസറുദ്ദീൻ,

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാന പ്രസിഡന്റ്