kovalam

കോവളം: മത്സൃത്തൊഴിലാളി കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷം വീട് കോളനിയിൽ മോസസ്(41) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ കൊച്ചി തീരത്ത് നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറ് ഭാഗത്തെ പുറം കടലിലാണ് അപകടം. കന്യാകുമാരി സ്വദേശിയുടെ ക്യൂൻമേരിയെന്ന ബോട്ടിൽ 4 മലയാളികളും 5 തമിഴ്‌നാട് സ്വദേശികളും 2 ആസാം സ്വദേശികളുമടങ്ങുന്ന 11 പേരാണ് മീൻപിടിത്തത്തിന് പോയത്.
ബോട്ടിന്റെ അമരത്ത് കിടന്നുറങ്ങുകയായിരുന്ന മോസസ് അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിന് നൽകിയ വിവരം. ഒപ്പമുണ്ടായിരുന്ന തൊഴിലാളിയെ കാണാതായതിനെ തുടർന്ന് ബോട്ടിനൊപ്പമുണ്ടായിരുന്ന മറ്റൊരു ബോട്ടായ ക്യൂൻ ഓഫ് റൊസാരിയോയിലെ തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ മോസസിന്റെ മ്യതദേഹം കണ്ടെത്തി. തുടർന്ന് തോപ്പുപടി ഹാർബറിലെത്തിച്ചു . എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു . റോസിയാണ് ഭാര്യ. പ്രിൻസി, പ്രിൻസൺ, പ്രിയൻ എന്നിവർ മക്കൾ.