pappi

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ തക്കലയിൽ ഉള്ളി വ്യാപാരിയുടെ കാറിൽ നിന്ന് 16 ലക്ഷം കവർന്ന സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റുചെയ്‌തു. തെങ്കാശി ആലംകുളം സ്വദേശി അമൽരാജിന്റെ (38) പണം തട്ടിയെടുത്ത സംഭവത്തിലാണ് അരുമന മാത്തൂർക്കോണം സ്വദേശി പപ്പിയെ (31) പിടികൂടിയത്. ഒളിവിൽപ്പോയ ശിവാങ്കപെട്ട സ്വദേശി രാജ എന്ന മയിൽവാഹനത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

സംഭവം ഇങ്ങനെ: അമൽരാജ് വർഷങ്ങളായി തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉള്ളി ഹോൾസെയിൽ വിലയ്‌ക്ക് കച്ചവടം നടത്തിയിരുന്നു. അങ്ങനെയാണ് പപ്പിയുമായി സൗഹൃദത്തിലായത്. ശനിയാഴ്ച ആലംകുളം മാർക്കറ്റിൽ നിന്ന് വ്യാപാരം നടത്തിക്കിട്ടിയ 16.63 ലക്ഷം രൂപയുമായി ഞായറാഴ്ച കന്യാകുമാരിയിലെത്തിയ അമൽരാജിനെ നേരിട്ട് കാണണമെന്ന് പപ്പി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അമൽരാജ് തക്കലയിലെത്തിയത്. ഇരുവരും സംസാരിക്കുന്നതിനിടെ പപ്പി കാറിൽ സൂക്ഷിച്ചിരുന്ന പണം മയിൽവാഹനത്തിന്റെ കൈയിൽ ഏല്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. അമൽരാജിന്റെ പരാതിയിലാണ് പൊലീസ് പപ്പിയെ പിടികൂടിയത്. തട്ടിയെടുത്തത് ഹവാല പണമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.