വർക്കല: കേരളകൗമുദിയും വോയ്സ് ഓഫ് വർക്കലയും സംയുക്തമായി സംഘടിപ്പിക്കുന്ന ' ആശാകിരണം 2021 ' ആദരിക്കൽ ചടങ്ങ് നാളെ വൈകിട്ട് 4ന് മൈതാനം റെയിൽവേ ഗേറ്റിന് സമീപമുള്ള എസ്.ആർ മിനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വോയ്സ് ഓഫ് വർക്കല ചെയർമാൻ അഡ്വ.എസ്. കൃഷ്‌ണകുമാർ,​ ജനറൽ കൺവീനർ ബി. ജോഷി ബാസു, കൺവീനർ ആർ. സുലോചനൻ, രവീന്ദ്രൻനായർ, എൻ. സദാശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയ വർക്കല നഗരസഭയിലെ 33 വാർഡുകളിലുള്ള ആശാവർക്കർമാരെ ചടങ്ങിൽ ആദരിക്കും. വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി. നെൽസൺ, താലൂക്ക് കൊവിഡ് നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബു, വർക്കല സ്റ്റേഷനിലെ ജനമൈത്രി പൊലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി. ജയപ്രസാദ്, വർക്കല ഫയർസ്റ്റേഷൻ ഓഫീസർ ജി. വേണുഗോപാൽ എന്നിവരെയും ലോക്ക് ഡൗൺ കാലത്ത് മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വീടുകളിലെത്തിച്ച് മാതൃകാപ്രവർത്തനം നടത്തിയ ചെറുകുന്നം നേതാജി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും.

വോയിസ് ഓഫ് വർക്കല ചെയർമാൻ അഡ്വ.എസ്. കൃഷ്‌ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും കേരള മെഡിക്കൽ എഡ്യൂക്കേഷൻ മുൻ ഡയറക്ടറുമായിരുന്ന ഡോ.പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തും. ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം സിനിമാതാരം സുബ്ബലക്ഷ്മി നിർവഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ വിമൽകുമാർ, അസിസ്റ്റന്റ് മാനേജർ സുധി കുമാർ, വർക്കല ലേഖകൻ സജീവ് ഗോപാലൻ എന്നിവർ ആശംസ പറയും. കൺവീനർ ആർ. സുലോചനൻ നന്ദി പറയും.