kanikonna

വിഷുക്കാഴ്ചകൾക്ക് മനോഹാരിത നൽകുന്ന നമ്മുടെ സംസ്ഥാന പുഷ്പമാണ് കണിക്കൊന്ന. കാഷ്യാ ഫിസ്റ്റുല എന്ന സസ്യനാമമുള്ള വർണാഭമായ പൂക്കളുള്ള കണിക്കൊന്ന നൂറ്റാണ്ടുകളായി ആയുർവേദ ഔഷധ നിർമ്മാണത്തിനായി ഉപയോഗിച്ചുവരുന്നു. വിഷുക്കണി കാണാനായി പൂക്കൾ ഉപയോഗിക്കുന്നതിനാലാണ് കണിക്കൊന്ന എന്ന പേര് ലഭിച്ചത്. എന്നാൽ ഔഷധ ഉപയോഗത്തിനായി കൂടുതലും പ്രയോജനപ്പെടുത്തുന്നത് പൂക്കളല്ല. മരപ്പട്ടയും ഇലയും വേരും ഫലത്തിനുള്ളിലെ മജ്ജയുമാണ്. രക്തശുദ്ധിയുണ്ടാകുന്നതിന് വേണ്ടിയും മലബന്ധം മാറ്റാനും പൂക്കളും ഉപയോഗിക്കുന്നുണ്ട്. ത്വക്ക് രോഗങ്ങൾ അകറ്റാൻ മരപ്പട്ട കൊണ്ടുള്ള കഷായം നല്ലതാണ്.
ചൊറിച്ചിൽ കുറയ്ക്കാൻ മരപ്പട്ട കഷായമിട്ട് കഴുകുകയും ചെയ്യാം. വേപ്പ്, മഞ്ഞൾ തുടങ്ങിയവയ്ക്കൊപ്പം കണിക്കൊന്നപ്പട്ട കഷായമിട്ട് കഴുകുന്നത് മിക്കവാറും ത്വക്ക് രോഗങ്ങൾക്ക് ശമനം നൽകുന്നതാണ്.
ഇലകളിൽ കൊതുകുകളെ അകറ്റുന്ന ജൈവസംയുക്തമുള്ളതിനാൽ കൊന്നയിലയിട്ട് പുകയ്ക്കുന്നത് നല്ലതാണ്. മലബന്ധം, വയറുവേദന എന്നിവ മാറുന്നതിന് കണിക്കൊന്നയുടെ ഫലമജ്ജ കുരുകളഞ്ഞ് പാലിൽ കാച്ചി പഞ്ചസാര ചേർത്ത് കഴിക്കാം. കുട്ടികൾക്ക് ഇതിന്റെ രുചി ഇഷ്ടവുമാണ്. കണിക്കൊന്നയുടെ തൊലിയും ഫലമജ്ജ കുരുകളഞ്ഞതും ചേർത്തരച്ച് മുറിവുണങ്ങുന്നതിനായി വെച്ചു കെട്ടാം. ത്വക്കിലുണ്ടാകുന്ന ചുണങ്ങ് മാറുവാൻ കൊന്നയുടെ തളിരിലകൾ അല്പം പുളിച്ച തൈരിൽ അരച്ചു പുരട്ടണം. കുട്ടികളുടെ മലബന്ധമകറ്റുവാൻ കണിക്കൊന്നയുടെ തളിരിലകൾ തോരൻ വെച്ച് കഴിക്കാം. കണിക്കൊന്നയുടെ ഇല കഷായം വെച്ച് കഴിച്ചാൽ പനിയും ചുമയും കുറയും. മൂത്രതടസ്സം മാറ്റുവാൻ കണിക്കൊന്നയുടെ വേര് കഷായമിട്ട് കുടിക്കുന്നതും പ്രയോജനപ്പെടും. കുടൽപുണ്ണ് ഉള്ളവരിൽ ആമാശയത്തിലെ ആസിഡ് ഉല്പാദനം കുറയ്ക്കുന്നതിന് കണിക്കൊന്ന പ്രയോജനപ്പെടും. കണിക്കൊന്ന നല്ലൊരു ആന്റിഓക്സിഡന്റ് കൂടിയാണ്. ഇത് ഫ്രീ റാഡിക്കൽസ് ഉണ്ടാകുന്നത് തടസപ്പെടുത്തും. ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്റ്റീരിയകളുടെ വളർച്ചയെ തടയുവാൻ സാധിക്കുന്ന രാസവസ്തുക്കൾ ഉള്ളതിനാലാണ് കണിക്കൊന്നയ്ക്ക് വിഷഹരസ്വഭാവം ലഭിക്കുന്നത്. കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ വർദ്ധിക്കുന്ന എസ്.ജി.ഓ.ടി, എസ്.ജി.പി.ടി, ബിലിറൂബിൻ, ആൽക്കലൈൻ ഫോസ്ഫറ്റേസ് എന്നിവ നിയന്ത്രിച്ചു നിർത്തുന്നതിന് കണിക്കൊന്നയ്ക്ക് പ്രത്യേക കഴിവുണ്ട്. കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കുന്നതിനും ത്വക്കിന് നല്ല നിറം ലഭിക്കുന്നതിനും കണിക്കൊന്ന നല്ലതാണ്.

റോഡിനിരുവശവും നട്ടുപിടിപ്പിച്ചിട്ടുള്ള കണിക്കൊന്ന ശ്രദ്ധയോടെ വേണം ഉപയോഗപ്പെടുത്തേണ്ടത്. വ്യാപാരത്തിനായി മുഴുവൻ പൂക്കളും പറിച്ചെടുത്താൽ പിന്നെ ഫലവും ഫലമജ്ജയും ലഭിക്കില്ല. അതുപോലെ മരത്തിന്റെ തടിയുടെ ഒരു വശത്തുനിന്നു മാത്രമേ മരപ്പട്ട എടുക്കാവൂ. എങ്കിൽ മാത്രമേ കേട് കൂടാതെ മരത്തെ സംരക്ഷിക്കാൻ കഴിയൂ.

ഡോ. ഷർമദ് ഖാൻ
9447963481