തിരുവനന്തപുരം: ക്രമക്കേട് കാട്ടിയെന്നു പരാതിയുള്ളതിനാൽ തപാൽ ബാലറ്റുകളുടെ സുതാര്യത ഉറപ്പുവരുത്തണമെന്നും തിരിമറി നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികളായ പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ബി.ആർ.എം.ഷെഫീർ, അബ്ദുറഹ്മാൻ രണ്ടത്താണി, പാറയ്ക്കൽ അബ്ദുള്ള എന്നിവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
അഞ്ച് പേരും വെവ്വേറെ ഇ-മെയിൽ അയയ്ക്കുകയായിരുന്നു. മത്സരിച്ച മണ്ഡലത്തിലെ തപാൽ വോട്ടുകളുടെ വിശദാംശങ്ങൾ തങ്ങൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലത്തിലേക്ക് അച്ചടിച്ച മൊത്തം തപാൽ ബാലറ്റുകളുടെ എണ്ണം, അവയുടെ സീരിയൽ നമ്പരുകൾ, ഉപയോഗിച്ചതും ബാക്കി വന്നതും എത്ര, അവയുടെ സീരിയൽ നമ്പർ തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.
വോട്ടർമാർക്ക് കൈമാറിയ ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പരും വോട്ടുചെയ്ത് തിരിച്ചെത്തിച്ച ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പരും തമ്മിൽ വ്യത്യാസമില്ലെന്ന് ഉറപ്പുവരുത്തണം. ബാക്കിവന്ന ബാലറ്റ് പേപ്പറുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.