തിരുവനന്തപുരം: വിഷുവിപണി നേട്ടമാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലുണ്ടായ രോഗികളുടെ വർദ്ധന തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. വൈകിട്ടുള്ള ഇടിയും മഴയും കച്ചവടത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അവർ പറയുന്നു. ലോക്ക് ഡൗൺ കാരണം കഴിഞ്ഞതവണ വിഷു ആഘോഷിക്കാൻ കഴിയാത്തതിന്റെ കുറവ് ഇത്തവണ പരിഹരിക്കാമെന്ന പ്രതീക്ഷയാണ് ഇതോടെ ആശങ്കയിലായത്. വിഷു വിപണി കഴിഞ്ഞയാഴ്ച തന്നെ സജീവമായിരുന്നു. ഇന്നലെ മുതൽ കണി ഒരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാനും ആളുകളെത്തിയിരുന്നു. മൊത്ത വിപണയിൽ കിലോഗ്രാമിന് 15 രൂപയ്‌ക്ക് ലഭിക്കുന്ന കണിവെള്ളരിക്ക് ചില്ലറ വിപണയിൽ 30 രൂപ വരെ ഈടാക്കുന്നുണ്ട്. 50 രൂപ മുതൽ 100 രൂപവരെ 'കണിക്കിറ്റും' ലഭിക്കും. കുറച്ച് കൊന്നപ്പൂവ്, ഞെട്ടോടുകൂടിയ പച്ച മാങ്ങ, കശുമാങ്ങ, അയണിച്ചക്ക തുടങ്ങിയവ ഉൾപ്പെട്ടതാണ് കിറ്റ്. ചാലയിലും പാളയത്തും കിഴക്കേകോട്ടയിലും കരമനയിലുമൊക്കെ ഫുട്പാത്തുകളിലാണ് കിറ്ര് കച്ചവടം തകർക്കുന്നത്. വഴിയോരങ്ങളിലെ കണിക്കൊന്നപ്പൂക്കൾ ഇതിനായി എടുത്തിട്ടുണ്ട്. ശേഷിക്കുന്നവ ഇന്ന് ഉച്ചയോടെ തീരും. പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ വരെ വില്പനയ്ക്കുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശ്രീകൃഷ്‌ണ പ്രതിമകളും കൂടുതലായി വിറ്റുപോകുന്നുണ്ട്. രാജസ്ഥാനിൽ നിന്നെത്തിയവരാണ് പ്രതിമകൾ ഉണ്ടാക്കി വഴിയോരങ്ങളിലെത്തിച്ച് വിൽക്കുന്നത്. 70 രൂപ മുതൽ 3000 രൂപ വരെയാണ് വില.
പടക്കമില്ലാതെ എന്ത് ആഘോഷം
കഴിഞ്ഞ വിഷുവിനായി നിർമ്മിച്ച പടക്കങ്ങൾ വാങ്ങാനാളില്ലാത്തതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാർക്കുണ്ടായത്. കൊവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങൾ, ഉത്സവങ്ങൾ എല്ലാം ഒഴിവാക്കിയപ്പോൾ നഷ്ടം പടക്ക വിപണിക്കുമുണ്ടായി. ആഘോഷങ്ങളുടെ മൂഡിലേക്ക് പതിയെ മലയാളികൾ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും കൊവിഡിന്റെ രണ്ടാംവരവ്. ഇത്തവണ മാർച്ച് മുതൽ തന്നെ പടക്കവിപണി സജീവമായിരുന്നു.
പച്ചക്കറിക്ക് വില
കുറഞ്ഞത് ആശ്വാസം
കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പച്ചക്കറി ഇനങ്ങൾക്ക് വിലക്കുറവുണ്ടായത് ആശ്വാസമായിട്ടുണ്ട്. വിഷുസദ്യയ്ക്ക് ചെലവേറില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ മുടങ്ങാതെയെത്തുന്നതും സംസ്ഥാനത്തുതന്നെ പച്ചക്കറി ഉത്പാദനത്തിൽ വന്ന വർദ്ധനയുമാണ് വില കുറയാൻ കാരണം. മുരിങ്ങക്കയ്ക്ക വില കിലോഗ്രാമിന് 60 ആയിരുന്നത് ഇപ്പോൾ 30 രൂപയായി. പടവലം 30ൽ നിന്നും 20 ആയി. സവാള 40ൽ നിന്ന് 20, തക്കാളി 25ൽ നിന്ന് 20 എന്നിങ്ങനെയാണ് വില കുറഞ്ഞത്.
കണിവെള്ളരി - 30 രൂപ
കണിക്കിറ്റ് - 50 - 100 രൂപ വരെ
ശ്രീകൃഷ്ണപ്രതിമ - 70 - 3000 വരെ