തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ വിതരണം 50ലക്ഷം ഡോസ് കഴിഞ്ഞു. ഇന്നലെ ഉച്ചവരെ 50,71,550 ഡോസാണ് നൽകിയത്. (49,19,234 ഡോസ് കൊവിഷീൽഡും 1,52,316 ഡോസ് കൊവാക്‌സിനും) നൽകി. ആകെ 45,48,054 പേർ ആദ്യഡോസും 5,23,496 പേർക്ക് രണ്ടാം ഡോസും സ്വീകരിച്ചു. നിലവിൽ ആറുലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. 15ന് കൂടുതൽ വാക്‌സിനെത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് ലഭിക്കുന്നത് വരെ പ്രതിസന്ധി രൂക്ഷമായിരിക്കും.
1,402 സർക്കാർ ആശുപത്രികളിലും 424 സ്വകാര്യ ആശുപത്രികളിലുമാണ് ഇന്നലെ വാക്‌സിനേഷൻ നടന്നത്. ഇന്നലെ വൈകിട്ട് വരെ 2,38,721 പേർ വാക്‌സിൻ സ്വീകരിച്ചു. 'ക്രഷ് ദി കർവ്" എന്ന മാസ് വാക്‌സിനേഷൻ ക്യാമ്പിലൂടെയാണ് കൂടുതൽ പേരിലേക്ക് വാക്‌സിനെത്തിക്കുന്നത്. വാക്സിന്റെ കുറവ് മൂലം പല ക്യാമ്പുകളും നിറുത്തിവയ്‌ക്കേണ്ടിവരും.
തിരുവനന്തപുരത്ത് വാക്‌സിൻ സ്റ്റോക്കില്ലാത്തതിനാൽ ഇന്ന് രജിസ്റ്റർ ചെയ്‌തവർക്കായി 1,000 ഡോസ് പത്തനംത്തിട്ടയിൽ നിന്ന് കടംവാങ്ങി. പലജില്ലകളിലും സമാനമായ സ്ഥിതിയാണ്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്.