കുഴിത്തുറ: മാർത്താണ്ഡം നോർത്ത് സ്ട്രീറ്റിലെ സ്വർണപ്പണിശാലയിൽ നിന്ന് 37 പവനും 1.4 ലക്ഷം രൂപയും കവർന്നു. തൃശൂർ സ്വദേശി മനോജിന്റെ (40) കടയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച കട അവധിയായിരുന്നു. ഇന്നലെ രാവിലെ മനോജ്‌ കട തുറന്നപ്പോഴാണ് മോഷണം പോയെന്ന് മനസിലായത്. മാർത്താണ്ഡം പൊലീസിൽ പരാതി നൽകി. കടയിൽ ജോലി ചെയ്‌തിരുന്ന പശ്ചിമബംഗാൾ സ്വദേശി സുജയ് ആണ് മോഷണത്തിന് പിന്നിലെന്നാണ് മനോജ് പറയുന്നത്. സുജയിയെ ഇന്നലെ മുതൽ കാണാനില്ലെന്നും ഇയാളുടെ ഫോൺ സ്വിച്ച്ഓഫ്‌ ആണെന്നും പരാതിയിൽ പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.