തിരുവനന്തപുരം:നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം പ്രത്യേക കാമ്പെയിൻ ആരംഭിച്ചു.ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങളുടെ നീക്കം ചെയ്യലിന് തുടക്കം കുറിച്ചുകൊണ്ട് മേയർ ആര്യ രാജേന്ദ്രൻ കാമ്പെയിൻ ഉദ്ഘാടനം നിർവഹിച്ചു.ഡെപ്യൂട്ടി മേയർ പി.കെ.രാജു സന്നിഹിതനായിരുന്നു.ഇതോടൊപ്പം തന്നെ നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വാർഡുതലത്തിൽ എല്ലാ വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. വരും ദിവസങ്ങളിൽ കാമ്പെയിനിന്റെ ഭാഗമായി നഗരത്തിലെ മാലിന്യങ്ങൾ പൂർണമായി നീക്കും. കൂടാതെ ഓടകളും നീരുറവകളും തോടുകളും ശുചീകരിക്കും. മഴക്കാലത്തിനുമുമ്പ് തന്നെ മാലിന്യങ്ങൾ പൂർണമായി നീക്കാനാണ് ലക്ഷ്യം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കംചെയ്ത് നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ നഗരസഭ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മഴക്കാലപൂർവ ശുചീകരണത്തോടൊപ്പം ഇത് നടപ്പാക്കുമെന്നും മേയർ അറിയിച്ചു.