ജിദ്ദ: റംസാനിൽ ഇരുഹറമുകളിൽ തവാവീഹ് നമസ്കാരം നടത്താനുള്ള തീരുമാനത്തിന് സൽമാൻ രാജാവ് അനുമതി നൽകിയതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു. പത്ത് റക്അത്തായി ചുരുക്കിയും മുൻകരുതൽ പ്രതിരോധ നടപടികൾ പിന്തുടർന്നും തറാവീഹ് നമസ്കാരം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. റംസാനിൽ ഹറമുകളിലെത്തുന്ന ഉംറ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും സേവനത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും വിവിധ വകുപ്പുകളുമായി സഹകരിച്ച ഇരുഹറം കാര്യാലയം പൂർത്തിയാക്കി.
റംസാനിൽ അനുമതിപത്രമില്ലാത്ത വാഹനങ്ങൾക്ക് ഹറമിനടുത്തേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. റംസാനിൽ മസ്ജിദുൽ ഹറാമിലേക്ക് ഉംറക്കും പ്രവേശനാനുമതി നൽകുന്നത് സംബന്ധിച്ച വ്യവസ്ഥകൾ വിശദീകരിക്കുന്ന, ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അനുമതിപത്രത്തിൽ രേഖപ്പെടുത്തിയ നിശ്ചിത സമയം കഴിഞ്ഞ് എത്തുന്നവർക്കും കുട്ടികൾക്കും പ്രവേശനാനുമതി ഉണ്ടാകില്ല.