bjp

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 26 മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷ ഉയർത്തുന്ന പ്രകടനം കാഴ്ച വയ്ക്കാൻ എൻ.ഡി.എ സഖ്യത്തിന് സാദ്ധ്യമായതായാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.

ഈ മണ്ഡലങ്ങളിൽ കൂടുതലും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ,തൃശൂർ ജില്ലകളിലാണ്. ഇതിൽത്തന്നെ 12 സീറ്റിൽ ജയിക്കുമോ തോൽക്കുമോ എന്നാർക്കും ഉറപ്പിച്ച് പറയാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിൽ ആറെണ്ണമെങ്കിലും കിട്ടുമെന്നാണ് പാർട്ടി കരുതുന്നത്..കൂടാതെ,20 മുതൽ 30 വരെ മണ്ഡലങ്ങളിൽ ബി.ജെ.പി സഖ്യം രണ്ടാം സ്ഥാനത്തെത്തുമെന്നും.

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബൂത്ത് , നിയോജക മണ്ഡലം തലത്തിലും,തുടർന്ന് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പാർട്ടി തിരഞ്ഞെടുപ്പിന്റെ വിലയിരുത്തൽ നടത്തും. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും, പ്രചാരണത്തിലും ന്യൂനതയുണ്ടോ, കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞോ, പുതിയ ഏതൊക്കെ സാമൂഹ്യവിഭാഗങ്ങളാണ് ബി.ജെ.പിയോടടുത്തത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.