photo

നെടുമങ്ങാട്: കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന്റെ മറവിൽ പഞ്ചായത്ത് കിണർ മണ്ണിട്ടു മൂടിയ വട്ടറത്തല കോളനിയിൽ ദാഹജലം തേടി സ്ഥലവാസികൾ നെട്ടോട്ടമോടുന്നു.

ആനാട് ഗ്രാമപഞ്ചായത്തിലെ കല്ലിയോട്, വട്ടറത്തല നിവാസികളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കിണർ മൂടിയതിനെതിരെ നാട്ടുകാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് സ്റ്റേ ഓർഡർ നിലവിലുണ്ട്. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇതാണ് തിരിച്ചടിയായത്. കുടിവെള്ളത്തിനായി നാട്ടുകാർ സമരരംഗത്ത് ഇറങ്ങിയതോടെ വാട്ടർ അതോറിട്ടി ഇവിടേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും മൂന്നുമാസം കഴിഞ്ഞ് കുടിവെള്ളം എത്തിയത് മൂന്നോ നാലോ ദിവസം മാത്രം.

നെടുമങ്ങാട് എ.ഇയെയും അരുവിക്കര എക്സി.എൻജിനിയറെയും വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കോളനിവാസികൾ പരാതിപ്പെടുന്നു. തദ്ദേശ ജനപ്രതിനിധികൾ ഒളിച്ചു കളിക്കുകയാണെന്ന ആരോപണവും ശക്തമാണ്. ഇതിനെതിരെ വീണ്ടും സമരരംഗത്ത് വരുമെന്നാണ് കോളനിക്കാരുടെ മുന്നറിയിപ്പ്. വിഷയം ഗ്രാമപഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് പരിഹരിക്കുമെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ പ്രതികരിച്ചു.

വാളിക്കോട്ട് വെള്ളം തരാതെ വെള്ളക്കരം പിരിവ്

നഗരസഭാപരിധിയിലെ വാളിക്കോട് - ചെന്തുപ്പൂര് ലൈനിൽ ശുദ്ധജല വിതരണം നിലച്ചിട്ട് രണ്ടു മാസത്തോളമായി. വാട്ടർ അതോറിട്ടി ഉപഭോക്താക്കൾ സ്വകാര്യ ടാങ്കർ ലോറികളിൽ നിന്ന് വില കൊടുത്താണ് വീട്ടാവശ്യത്തിനുള്ള വെള്ളം സംഭരിക്കുന്നത്. ഇക്കാര്യം അധികൃതരെ പലവട്ടം ധരിപ്പിച്ചിട്ടും ലൈനിൽ കുടിവെള്ളം എത്തിക്കാൻ തയ്യാറായിട്ടില്ല. വെള്ളം നൽകിയില്ലെങ്കിലും ജല അതോറിട്ടി വീടുകളിൽ സ്ഥാപിച്ചിട്ടുള്ള മീറ്റർ റീഡറുകളിൽ പ്രതിമാസ നിരക്ക് രേഖപ്പെടുത്തുന്നതിൽ പിഴവില്ലെന്നതാണ് ശ്രദ്ധേയം. വെള്ളം തരാതെ വെള്ളക്കരം പിരിക്കുന്ന അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. പൈപ്പ്ലൈൻ വഴി ജലവിതരണം ഉടൻ പുനരാരംഭിക്കണമെന്നും അനധികൃത വെള്ളക്കരം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വാളിക്കോട് ശ്രീമന്ദിരത്തിൽ പ്രദീപിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാട്ടർ അതോറിട്ടി നെടുമങ്ങാട് എക്സി.എൻജിനിയർക്ക് നിവേദനം നൽകി.