ku

തിരുവനന്തപുരം: കുമാരനാശാൻ ദേശീയസാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 148-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉദയാസ്തമയ കാവ്യപൂജ ചീഫ് സെക്രട്ടറി വി.പി.ജോയി ആശാന്റെ പർണശാലയ്ക്കു മുന്നിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മഹാകവിയുടെ 'വീണപൂവ്' ചീഫ് സെക്രട്ടറി ആലപിക്കുകയും ചെയ്തു.

ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.വി.മധുസൂദനൻ നായർ,സെക്രട്ടറി പ്രൊഫ.എം.ആർ.സഹൃദയൻ തമ്പി,കവികളായ വീരാൻകുട്ടി, മണമ്പൂർ രാജൻബാബു,ഇന്ദിരാ അശോക്, ആര്യാംബചശ,വിനോദ് വൈശാഖി,ഡോ.ബിജു ബാലകൃഷ്ണൻ,സുമേഷ്‌കൃഷ്ണൻ, പകൽകുറി വിശ്വൻ, ദേശാഭിമാനി ഗോപി തുടങ്ങിയവർ പങ്കെടുത്തു. കാവ്യപൂജയിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ, താണുവൻ ആചാരി, മുരുകൻ കാട്ടാക്കട,ചായം ധർമ്മരാജൻ, വിജയൻ ചന്ദനമാല, തോന്നയ്ക്കൽ ഭുവനേന്ദ്രൻ, മാവേലിക്കര ജയദേവൻ, ആറ്റിങ്ങൽ ശശി, കാടാമ്പുളളി നിഷ്‌കളൻ, അരുണഗിരി, സരസ്വതി തോന്നയ്ക്കൽ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള നൂറിലേറെ കവികൾ കവിതകൾ ആലപിച്ചു. പിന്നണി ഗായകരായ കല്ലറ ഗോപൻ,ശ്രീറാം എന്നിവർ അവതരിപ്പിച്ച ആശാൻ കാവ്യസംഗീതികയും ഇതോടനുബന്ധിച്ച് നടന്നു.

വൈകിട്ട് ഉദയാസ്തമയ കാവ്യപൂജയുടെ സമാപന കവിത ഒ.വി.ഉഷ ആലപിച്ചു.തുടർന്ന് നടന്ന ആശാൻ ജയന്തി സമ്മേളനം ഒ.വി.ഉഷ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ ആശാൻ സ്മൃതി പ്രഭാഷണം നടത്തി. 2020-ലെ വീണപൂവ് ശതാബ്ദി സമ്മാനം നേടിയ ജി.പ്രിയദർശന് പ്രൊഫ.വി.മധുസൂദനൻ നായരും, 2020-ലെ കുമാരകവി പുരസ്‌കാരം നേടിയ അമൃത കേളകത്തിന് കവി കുരീപ്പുഴ ശ്രീകുമാറും പുരസ്‌കാരം തരണം ചെയ്തു. മികച്ച ഗാനരചയിതാവിനുളള ദേശീയ പുരസ്‌കാരം നേടിയ കവി പ്രഭാവർമ്മയെ ആദരിച്ചു. മുൻ പി.ആർ.ഡി.ഡയറക്ടറും പ്രശസ്ത നോവലിസ്റ്റും ചിന്തകനുമായ തോട്ടം രാജശേഖരനെയും ആദരിച്ചു. 148-ാം ആശാൻ ജയന്തിയോടനുബന്ധിച്ച് നടത്തിയ ആശാൻ കാവ്യാലാപന മത്സരത്തിൽ വിജയികളായവർക്കുളള സമ്മാനം പ്രൊഫ.വി.മധുസൂദനൻ നായർ വിതരണം ചെയ്തു.