railway

തിരുവനന്തപുരം.നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴ നഗരവാസികളെ വലച്ചു.മണിക്കൂറുകൾ നീണ്ട മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.വൈകിട്ട് 5ന് ആരംഭിച്ച മഴ രാത്രി 7മണിവരെ തുടർന്നു.പേട്ട,ചാക്ക,ഊറ്റുകുഴി ജംഗ്ഷൻ,പ്രസ്ക്ലബ് പരിസരം,തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി.പേരൂർക്കട ,​ശാസ്തമംഗലം,​ വട്ടിയൂർക്കാവ്,​പി.ടി.പി നഗർ കുടപ്പനക്കുന്ന് ,​മരുതംകുഴി എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകിയത്.കഴക്കൂട്ടം നേമം എന്നീ സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ കൃഷിനാശം സംഭവിച്ചു.ദേശീയപാത ബൈപാസിലെ ഇടറോഡിലെ ഓട നിറഞ്ഞുകവിഞ്ഞ് ഒഴുകിയത് മൂലം കുളത്തൂരിലും കഴക്കൂട്ടം പാലസ് നഗറിലെ റോഡിലും ഗതാഗതം തടസപ്പെട്ടു.തെറ്റിയാർ കരകവിഞ്ഞ് അരശുംമൂട് ,​ആറ്റിപ്ര മേഖലകളിൽ വെള്ളം കയറി.

കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും മഴ വലച്ചു. വേനനലിലുണ്ടാകുന്ന ഒറ്റപ്പെട്ട മഴയാണ് ഇന്നലെ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.തെക്കൻ കേരളത്തിൽ ഇന്ന് രാവിലെ വരെ കനത്ത മഴ പെയ്യാൻ ഇടയുണ്ടെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.കേരള തീരത്ത് കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മി വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

പേട്ടയിൽ റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി

കനത്ത മഴയിലും കാറ്റിലും പേട്ട റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലേക്ക് മരം കടപുഴകി ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടെങ്കിലും വൈകാതെ തടസം നീക്കി. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.പേട്ട റെയിൽവേ ആശുപത്രിക്ക് സമീപത്തുള്ള മരമാണ് കടപുഴകിയത്. റെയിൽവേ ലൈനിലേക്ക് വീണെങ്കിലും ലൈനുകൾ പൊട്ടി വീഴാത്തതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.എന്നാൽ വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞു.രണ്ടു ട്രാക്കുകളിലായാണ് മരം വീണത്. ഒരു ട്രാക്കിലൂടെ ട്രെയിൻ എത്താനുള്ള സമയമായതിനാൽ അവിടെ വീണ മരശിഖരങ്ങൾ ആദ്യം വെട്ടിമാറ്റി. പിന്നീട് ഒരു മണിക്കൂറോളം പരിശ്രമിച്ച് രണ്ടാം ട്രാക്കിലെ മരശിഖരങ്ങളും നീക്കംചെയ്തു.