covid

തിരുവനന്തപുരം:കൊവിഡ് സ്‌പെഷ്യൽ ഡ്രൈവ് പരിശോധനയുടെ ഭാഗമായി ഇന്നലെ ജില്ലയിൽ 14,087 കൊവിഡ് പരിശോധന നടത്തി.10,861 ആർ.ടി.പി.സി.ആർ പരിശോധനകളും 3,028 റാപ്പിഡ് ആന്റിജൻ പരിശോധനകളും 198 മറ്റു പരിശോധനകളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ സ്ഥാപനങ്ങളിൽ സജ്ജീകരിച്ച പരിശോധനാ കേന്ദ്രങ്ങളിൽ 8,130 പേരുടെ പരിശോധന നടത്തി.മൊബൈൽ ലാബുവഴി 1,532 പേരുടെയും സ്വകാര്യ ലാബുകൾ വഴി 4,425 പേരുടെ പരിശോധനയും നടത്തി.സംസ്ഥാനതലത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടക്കുന്നത്.ഇന്നലെയും ഇന്നുമായി ജില്ലയിൽ 22,600 പേർക്ക് പരിശോധന നടത്തുകയാണ് ലക്ഷ്യം.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ,കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വേഗത്തിൽ നടക്കുന്ന പ്രദേശങ്ങളിലുള്ളവർ, പൊതുഗതാഗത മേഖലയിലുള്ളവർ, ഹോസ്പിറ്റാലിറ്റി,ടൂറിസം മേഖലയിലുള്ളവർ,ഹോട്ടലുകൾ, കടകൾ,മാർക്കറ്റുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യൂട്ടിവുകൾ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ ടെസ്റ്റിംഗ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും.