തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റതിനെ ചൊല്ലിയുയർന്ന വിവാദത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. വിവാദത്തെ തുടർന്നുള്ള സംഘം അന്വേഷിക്കും. ഇന്ന് രാവിലെ 11ന് സംഘാംഗങ്ങൾ കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തും. അന്വേഷണത്തിന്റെ ടേംസ് ഒഫ് റഫറൻസ് ഉൾപ്പെടെ ഈ കൂടിക്കാഴ്ചയിലാവും തീരുമാനിക്കുക. അന്വേഷണത്തിനായുള്ള ഔദ്യോഗിക ഉത്തരവ് കെ.പി.സി.സി പ്രസിഡന്റിൽ നിന്ന് കൈപ്പറ്റുന്നതോടൊപ്പം അന്വേഷണം എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നതിലും ഇന്ന് തീരുമാനമുണ്ടാകും. പേരൂർക്കടയിലെ വാഴത്തോട്ടത്തിൽ ഇന്നലെ അഭ്യർത്ഥനാ പോസ്റ്ററുകൾ കണ്ടെത്തിയതും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പോസ്റ്റർ വിവാദത്തിന് എരിവ് പകരാൻ ചിലർ മനഃപൂർവ്വം കൊണ്ടിട്ടതാണെന്ന സംശയവും കോൺഗ്രസ് വൃത്തങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.