
മോസ്കോ: റഷ്യൻ നഗരമായ ചരിത്രപ്രാധാന്യമുള്ള സെന്റ് പീറ്റേഴ്സ്ബർഗിലെ ടെക്സ്റ്റൈൽസ് ഫാക്ടറിയിൽ തീപിടുത്തം. 19ാം നൂറ്റ്യാണ്ടിൽ സ്ഥാപിച്ച പുരാതന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തോടെ 40ഓളം പേരെ മാറ്റിപ്പാർപ്പിക്കുകയും രണ്ട് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. തീ പടർന്നതോടെ വൻ പുകയാണ് നഗരത്തിനുമേൽ വ്യാപിച്ചത്. എന്നാൽ തിപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നേവ നദിക്കരയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പല നിലകളിലും തീ ബാധിച്ചുകഴിഞ്ഞു. 1841ൽ തുണിനിർമ്മാണശാലയായി പ്രവർത്തനം ആരംഭിച്ച ഫാക്ടറി സോവിയറ്റ് കാലഘട്ടത്തിൽ ദേശസാൽക്കരിക്കപ്പെടുകയും ഒരു സംസ്ഥാന സ്ഥാപനമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1992ലാണ് ഫാക്ടറി സ്വകാര്യവത്കരിച്ചത്. ഇതോടെ അടുത്തകാലങ്ങളിലായി കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ ഓഫീസ് പ്രവർത്തനങ്ങൾക്കായി വാടകയ്ക്ക് നൽകുകയും ചില ഭാഗങ്ങളിൽ തുണിനിർമ്മാണം തുടരുകയും ചെയ്യുന്നുണ്ട്.