കുവൈത്ത്: റംസാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. റംസാനോടനുബന്ധിച്ച് രാജ്യ വ്യാപകമായി വിപണിയിൽ ശക്തമായ പരിശോധനക്ക് നീക്കമുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ സൂചന നൽകി. ഗുണമേന്മയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. ജംഇയ്യകൾ, ഹൈപ്പർ-സൂപ്പർ മാർക്കറ്റുകൾ അടക്കം എല്ലാ ഭക്ഷ്യയുൽപന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും. കേടായ സാധനങ്ങൾ വിൽക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റംസാനിൽ അവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചൂഷണം ചെയ്ത് കൃത്രിമ വിലവർധന ഉണ്ടാക്കുന്നവരുണ്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന ഏതുതരം പ്രവൃത്തികളും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.