കല്ലമ്പലം: വിജയിച്ച സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി മാതൃകയായി. വാഗ്ദാനം നടപ്പാക്കിയതോടെ 86 വയസുള്ള കുഞ്ഞിയുടെ വീട്ടിൽ വൈദ്യുതി എത്തി.
മടവൂർ ഗ്രാമപഞ്ചായത്ത് ആനകുന്നം വാർഡിൽ നിന്ന് വിജയിച്ച കെ. മോഹൻ ദാസ് (ബി.ജെ.പി) ആണ് തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം നടപ്പാക്കിയത്. മടവൂർ പടിഞ്ഞാറ്റേല അപ്പൂപ്പൻകാവിന് സമീപം ചരുവിള വീട്ടിൽ കുഞ്ഞി പി.എം.ആർ.വൈ പദ്ധതിയിൽ ലഭിച്ച വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വോട്ട് തേടി കുഞ്ഞിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സമ്പൂർണ വൈദ്യുതീകരണം നടപ്പിലായ സംസ്ഥാനത്ത് കുഞ്ഞിയെ പോലുള്ള വയോജനങ്ങൾ വൈദ്യുതിയില്ലാത്ത വീട്ടിൽ താമസിക്കുന്ന സത്യം മനസിലാക്കുന്നത്. കുഞ്ഞിയോട് തിരഞ്ഞെടുപ്പിൽ സഹായിക്കണമെന്നും ജയിച്ചാൽ വൈദ്യുതി എത്തിക്കാമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്. പഞ്ചായത്ത് അംഗം എന്ന നിലയിൽ ആദ്യം ലഭിച്ച അലവൻസ് ഉപയോഗിച്ചാണ് വീട് വൈദ്യുതീകരിച്ചത്. ബി.ജെ.പിയിലെ മുതിർന്ന അംഗം ബാലചന്ദ്രൻ നായർ, ബി.മ ധുകുമാർ, അയ്യപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ബെൻസിലാൽ, വിജു, പഞ്ചായത്ത് അംഗം കെ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.