രാമനാട്ടുകര: ബസ് സ്റ്റാൻഡ് പരിസരത്ത് റോഡ് കുറുകെ കടക്കാൻ കാൽനട യാത്രക്കാർ നേരിട്ട പ്രയാസത്തിന് താത്കാലിക പരിഹാരം. വീതി ഏറിയ റോഡിൽ വാഹനങ്ങൾ ദിശ മാറി എത്തി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് പൊലീസ് ഡിവൈഡർ സ്ഥാപിച്ചു. അപകടസാദ്ധ്യത നില നിന്ന സുരഭി മാളിന് മുന്നിലാണ് ഡിവൈഡർ സ്ഥാപിച്ചത്. പ്രസ്തുത സ്ഥലങ്ങളിൽ ദേശീയ പാതയ്ക്ക് 45 അടി വീതിയുണ്ട്. ഇവിടെ റോഡിന് കുറുകെ കടക്കുന്നതിന് അപകട ഭീഷണി നേരിടുകയാണ്. ഏറെ വീതിയുള്ള റോഡ് കടക്കുമ്പോയും വാഹനങ്ങൾ പെട്ടെന്ന് അടുത്തെത്തും. പലപ്പോഴും തലനാരിഴയ്ക്കാണ് യാത്രക്കാർ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.
തിരക്കേറിയ അങ്ങാടിയിലെ അപകടസാദ്ധ്യത മുന്നിൽ കണ്ട് രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ യാത്രക്കാർ പരാതി പറയുകയും വിഷയം ട്രാഫിക് സി.ഐയെ അറിയിക്കുകയും സി.ഐ. ജോൺസൺ നേരിട്ടെത്തി ഡിവൈഡർ സ്ഥാപിക്കുകയും ചെയ്തു. ട്രാഫിക് സി.ഐ. ജോൺസൺ എയ്‌സ് പോസ്റ്റ് എസ്.ഐ. സി.കെ. അരവിന്ദൻ, കൗൺസിലർ ലത്തീഫ്, വ്യാപാരി വ്യവസായി പ്രതിനിധികൾ റെസ്‌ക്യു ടീം അംഗങ്ങളും നേതൃത്വം നൽകി.