flood

കേരളം ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ഓഖി ചുഴലിക്കാറ്റ്, പ്രളയങ്ങൾ, വരൾച്ചകൾ, ഉരുൾപൊട്ടലുകൾ,രോഗങ്ങൾ, കടൽക്ഷോഭങ്ങൾ, പക്ഷിപ്പനി, മണ്ണിടിച്ചിലുകൾ, കൊടുങ്കാറ്റുകൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു നിരന്തരം വിധേയമായി. ജനങ്ങൾ ഭയചകിതരും, ദുരിതങ്ങളും, ദുരന്തങ്ങളും ഏറ്റുവാങ്ങിയവരുമാണ്.

ഒട്ടുമിക്ക ദുരന്തങ്ങൾക്കും പിറകിൽ കേരളം ഭരിച്ച സർക്കാരുകളുടെ അശാസ്ത്രീയ വികസന കാഴ്ചപ്പാടും, കൈയേറ്റ ഒത്താശകളും വനനാശങ്ങളും കുന്നിടിക്കലുകളും പാറപൊട്ടിക്കലുകളും പണമിടപാടുകളും അഴിമതിയും പ്രകൃതിയിൽ നിരന്തരമായി വരുത്തിയ രൂപമാറ്റങ്ങളും താളപ്പിഴകളുമാണ്.
നമ്മുടെ രാഷ്ട്രീയനേതാക്കൾ എത്ര വിദഗ്ധമായിട്ടാണ് ഇക്കഴിഞ്ഞ ഇലക്ഷനിൽകേരള ജനതയെ ശരിയായ വികസന നയങ്ങൾ മുന്നോട്ടു വയ്‌ക്കാതെ കബളിപ്പിച്ചത്. മനുഷ്യനെ നേരിട്ട് ബാധിക്കുന്ന ഇത്തരം സത്യങ്ങൾ ഇലക്ഷൻ സമയത്ത് ചർച്ചക്കു വരാതെ കരുതലോടെ മലയാളിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പാർട്ടികൾ വിജയിച്ചതായിട്ടു വേണം മനസിലാക്കാൻ. കാരണം ഓഖി ദുരന്തത്തിൽ ഇനിയും കണ്ടെത്താത്തവരെക്കുറിച്ചോ, ഇനിയും ദുരിതാശ്വാസം ലഭിക്കാത്തവരുടെ പ്രശ്‌നപരിഹാരത്തെ കുറിച്ചോ ആരും ചോദിച്ചില്ല.ചോദിച്ചവരുടെ ചോദ്യങ്ങൾക്ക്‌ വേണ്ട ഉത്തരവും ഒരു പ്രകടന പത്രികയിലും കണ്ടതുമില്ല. പ്രകൃതിക്ഷോഭങ്ങളിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം, പക്ഷിപ്പനി മൂലം കോഴിയും താറാവും,ജോലിയും കച്ചവടവും നഷ്‌ടമായവരുടെ പ്രശ്‌നമോ ചർച്ചയായില്ല. തുടരെ മൂന്നു വർഷങ്ങൾ കേരളത്തിലുണ്ടായ പ്രളയങ്ങൾക്ക് കാരണവും അത് കൈകാര്യം ചെയ്തതിലെ അപാകതയും പ്രളയ ദുരിതങ്ങൾ മനുഷ്യ നിർമിതമായി ഇരട്ടിപ്പിച്ച കാരണങ്ങളും ഇലക്ഷനിൽ ചർച്ചയായില്ല. ഉരുൾപൊട്ടൽ വർദ്ധിക്കാനുള്ള കാരണങ്ങളും ചർച്ചക്ക് വന്നില്ല. നവകേരള നിർമാണമോ, പ്രളയ ദുരിതാശ്വാസമോ ആരും ചർച്ച ചെയ്തില്ല. പ്രകൃതി സംരക്ഷണം എന്ന ആവശ്യവും ആരും മുന്നോട്ടു വച്ചില്ല. വനമേഖലകൾ കൈയേറുന്നതും സർക്കാർ ഭൂമി അന്യാധീനപ്പെടുന്നതും കുറിഞ്ഞി ഉദ്യാനം കൈയേറി ഇല്ലാതാക്കുന്നതും കേരളം ചർച്ച ചെയ്തില്ല. സംരക്ഷിത മേഖലകളുടെ ചുറ്റും ബഫർസോൺ നീക്കി വയ്ക്കുന്ന കാര്യത്തിൽ എല്ലാ മുന്നണികളും മൗനം പാലിച്ചു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ചർച്ചക്ക് വന്നില്ല. പാടങ്ങൾ നികത്തുന്നതോ, കുന്നുകൾ ഇടിക്കുന്നതോ, നദികളിൽ വ്യാപകമായി മണൽ ഖനനം നടത്തുന്നതോ ചർച്ചയായില്ല.

ഘോരവനങ്ങൾക്കകത്തു പോലും റിസോർട്ടുകൾ ഉണ്ടാക്കുന്നതിലും, കാട്ടിൽ പാറമടകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും കേരളത്തിലെ മുന്നണികൾ ഇലക്ഷൻ കാലത്ത് എതിർപ്പ് പ്രകടിപ്പിച്ചില്ല. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം ആരും പറഞ്ഞില്ല. തീരദേശമേഖല നിരന്തരം കടൽക്ഷോഭങ്ങൾക്ക് ഇരയാവുകയാണ്. 600 കി മീ തീരദേശമേഖലയുള്ള കേരളത്തിലെ തീരദേശ വാസികളുടെ തീരാ ദുഃഖത്തിന് പരിഹാരം നിർദേശിക്കാൻ ഒരു മുന്നണിയും തയാറായില്ല. യഥാർത്ഥത്തിൽ കേരളം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരവും ഒരു രാഷ്ട്രീയ പാർട്ടിയും മുന്നോട്ടു വച്ചില്ല എന്നതാണ് വാസ്തവം. കേരളത്തിന്റെ സുസ്ഥിര വികസനമോ പാരിസ്ഥിതിക സന്തുലിതാവസ്ഥയോ ചർച്ച ചെയ്യപ്പെടാതെ യഥാർത്ഥ കേരള ജനതക്കു വികസനത്തിൽ പങ്കാളികളാകാൻ കഴിയില്ല. എത്ര റോഡുകളും പാലങ്ങളും റെയിൽപാളങ്ങളും ഉണ്ടായാലും വാഹനങ്ങളുടെ എണ്ണം കുറയാതിരുന്നാൽ വായു മലിനീകരണത്തിൽ കലാശിക്കും. നമ്മുടെ വനങ്ങളും പശ്ചിമഘട്ടവും പാടശേഖരങ്ങളും നദികളും ചതുപ്പുകളും കടലും കായലും സംരക്ഷിക്കപ്പെട്ടാൽ മാത്രമേ സ്ഥായിയായ കുടിവെള്ള ക്ഷാമത്തിൽ നിന്നും കേരളത്തെ രക്ഷിക്കാനാകൂ. ഇലക്ഷൻ കാലത്തെങ്കിലും മലയാളി നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം മുന്നണികൾക്കു നിർദേശിക്കാനാകില്ലെങ്കിൽ കേരളം ആര് ഭരിച്ചാലും സാധാരണക്കാരന് കഷ്ടതകളും ദുരിതങ്ങളും, മാത്രം ബാക്കിയാവും.