തിരുവനന്തപുരം: വനിതാ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) സംസ്ഥാനത്ത് കരിദിനമാചരിച്ചു. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തി. കനറ ബാങ്ക് സ്റ്റാഫ് യൂണിയനും സിൻഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയനും സംയുക്തമായി കനറാ ബാങ്ക് സർക്കിൾ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് വി.അനന്തകൃഷ്ണൻ, വിവിധ സംഘടനാ നേതാക്കളായ ആർ. പരമേശ്വരകുമാർ, സുരേഷ്‌കുമാർ, കെ.ഹരികുമാർ, എസ്.എൽ. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.