ഇന്ത്യയിലെ കൊവിഡിന് വാക്‌സിന്റെ വരവോടെ ശമനം വരുമെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം മാർച്ചിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന വേളയിൽ മനുഷ്യൻ അനുഭവിച്ച ദുരിതപർവം ഓർക്കാൻ കൂടി കഴിയുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ കാൽനട യാത്രയും ആർക്കും മറക്കാനാവില്ല. അന്ന് ലോക് ഡൗൺ തീരുമ്പോൾ കൊവിഡും മാറിയേക്കുമെന്നു പോലും പ്രതീക്ഷിച്ചവരുണ്ട്. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു എന്നാണ് ഇപ്പോൾ അനുഭവത്തിൽ അറിയുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയിരിക്കുകയാണ്. കടകളും ഹോട്ടലുകളും രാത്രി ഒൻപത് മണി വരെയേ പ്രവർത്തിക്കാനാവൂ. സാധാരണ റംസാൻ കാലത്ത് രാത്രിയിലാണ് ഹോട്ടലുകൾക്ക് കൂടുതൽ കച്ചവടം നടക്കുന്നത്. റംസാൻ കാലം കണക്കിലെടുത്ത് ഒരു മണിക്കൂർ കൂടിയെങ്കിലും ഹോട്ടലുകൾക്ക് പായ്കറ്റ് ഫുഡ് നൽകാൻ അനുവാദം നൽകാനാവുമോ എന്ന് അധികാരികൾ പരിശോധിക്കേണ്ടതാണ്.
നിയന്ത്രണങ്ങൾ കൂടുമ്പോൾ സാമ്പത്തിക രംഗത്ത് അതേൽപ്പിക്കുന്ന മാന്ദ്യം കാണാതിരിക്കാനാവില്ല. നിയന്ത്രണങ്ങൾ കൂടുമ്പോൾ ഗതാഗതം ഉൾപ്പെടെയുള്ള മേഖലകൾ നിർജ്ജീവമാകും. ടൂറിസം മേഖലയുടെ കാര്യം പറയുകയേ വേണ്ട. എന്നാൽ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക എന്നതല്ലാതെ മറ്റൊരു പോംവഴി ഇല്ലതാനും.
ആരോഗ്യപരമായും സാമ്പത്തികമായും മാത്രമല്ല കൊവിഡ് മനുഷ്യനെ തളർത്തുന്നത്. മാനസികമായും കൂടിയാണ്. വിദ്യാർത്ഥികളും വൃദ്ധജനങ്ങളും അനുഭവിക്കുന്ന മാനസിക സംഘർഷം ദൂരീകരിക്കുന്നതിന് ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധയും കൗൺസലിംഗ് സൗകര്യങ്ങളും വെർച്വലായി ഒരുക്കേണ്ടതാണ്. സ്കൂളിലും മറ്റും പോകാതെ കഴിച്ചുകൂട്ടിയ വിദ്യാർത്ഥികൾ ഇനി അടുത്ത വർഷവും ഇങ്ങനെ ആയിരിക്കുമോ എന്ന ആശങ്കയിലാണ്. ഓൺലൈൻ പഠനം കൊണ്ട് അദ്ധ്യയനം നടക്കുമെങ്കിലും കുട്ടികളുടെ മാനസികവും കായികവുമായ വികസനം സാദ്ധ്യമാകില്ല. അതിന്റെ പിരിമുറുക്കങ്ങൾ അവർ അനുഭവിക്കുന്നുമുണ്ട്.
അന്തർ സംസ്ഥാന ട്രെയിൻ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ - പാസ്, ഇ - രജിസ്ട്രേഷൻ സംവിധാനങ്ങളും നിർബന്ധമാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുകയാണ്. യാത്ര തന്നെ ചെലവേറിയതാണ്. അതിന്റെ കൂടെ ഇത്തരം ടെസ്റ്റുകൾ കൂടി വരുമ്പോൾ സാധാരണക്കാർക്ക് പലർക്കും യാത്ര ഒഴിവാക്കാനേ കഴിയൂ.
തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു കരുതലും പേടിയും കാലക്രമേണ ജനങ്ങൾക്ക് നഷ്ടപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. ഇടയ്ക്ക് കയറിവന്ന തിരഞ്ഞെടുപ്പ് ഇതിന് കൂടുതൽ ആക്കം നൽകി. അതിനാൽ തുടക്കത്തിൽ ഉണ്ടായിരുന്ന കരുതൽ വീണ്ടെടുത്ത് സ്വയം നിയന്ത്രണം പാലിക്കുന്നതിന് എല്ലാവരും ഒരേ മനസോടെ തയ്യാറാവണം. ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ പൂർണമായി സഹകരിക്കണം. അതോടൊപ്പം രണ്ട് ഡോസ് വാക്സിനും പരമാവധി പേർക്ക് നൽകാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും വേണം. ജനങ്ങൾ ഒറ്റക്കെട്ടായി ഒന്നിച്ച് നിന്ന് എതിർത്താൽ അടുത്ത ആറുമാസത്തിനുള്ളിലെങ്കിലും കൊവിഡിൽ നിന്നൊരു മോചനം നമുക്ക് പ്രതീക്ഷിക്കാം.