
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ തക്കലയിൽ ഉള്ളി വ്യാപാരിയുടെ കാറിൽ നിന്ന് 16 ലക്ഷം കവർന്ന സംഭവത്തിൽ ഒളിവിൽപ്പോയ രണ്ടാം പ്രതി ശിവാങ്കപെട്ട സ്വദേശി രാജ എന്ന മയിൽവാഹനത്തെ കൊട്ടാരക്കരയിൽവച്ച് പൊലീസ് അറസ്റ്റുചെയ്‌തു. തെങ്കാശി ആലംകുളം സ്വദേശി അമൽരാജിന്റെ (38) 16.63 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇയാളെ സ്‌പെഷ്യൽ ടീം എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാംപ്രതി അരുമന മാത്തൂർക്കോണം സ്വദേശി പപ്പിയെ (31) നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത 10 ലക്ഷം രൂപ ഹവാല പണമല്ലെന്നും ഇത് ഇന്നലെ കോടതിയിൽ ഹാജരാക്കിയെന്നും ഡി.എസ്.പി രാമചന്ദ്രൻ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‌തു.