doctors

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ-സഞ്ജീവനി. ഇപ്പോൾ സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ലഭിക്കും. ആശുപത്രിയിൽ നേരിട്ട് പോയി തുടർചികിത്സ നടത്തുന്നവരും ടെലി മെഡിസിൻ സേവനം ഉപയോഗിക്കണം. സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാം. കുറുപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.

എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജനറൽ ഒ.പി പ്രവർത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ളവരെ അതത് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യും. നവജാത ശിശു വിഭാഗം ഒ.പി (തിങ്കൾ മുതൽ ശനിവരെ രാവിലെ 10 മുതൽ ഒന്നുവരെ), സൈക്യാട്രി ഒ.പി (തിങ്കൾ മുതൽ വെള്ളി വരെ 9 മുതൽ ഒന്നുവരെ), പോസ്റ്റ് കൊവിഡ് ഒ.പി (എല്ലാ ദിവസവും 9 മുതൽ 5 വരെ), ഡി.ഇ.ഐ.സി ഒ.പി (തിങ്കൾ മുതൽ വെള്ളിവരെ 10 മുതൽ 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കൾ മുതൽ വെള്ളിവരെ 10 മുതൽ 4 വരെ) തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒ.പികളും പ്രവർത്തിക്കുന്നു. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ- സഞ്ജീവനി വഴി സേവനങ്ങൾ നൽകുന്നുണ്ട്.

 എങ്ങനെ കാണാം?

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം. മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം. വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാം. സംശയങ്ങൾക്ക് ദിശ 1056 എന്ന നമ്പരിൽ വിളിക്കാം.