തിരുവനന്തപുരം: ലോകായുക്തയുടെ വിധിയെത്തുടർന്നുള്ള മന്ത്രി കെ.ടി.ജലീലിന്റെ രാജി വീണ്ടും മന്ത്രിയാകുന്നതിന് അദ്ദേഹത്തിന് തടസമല്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹതയില്ലെന്നാണ് ലോകായുക്തയുടെ ഉത്തരവ്. അയോഗ്യനാക്കിയാൽ മാത്രമാണ് നിശ്ചിതകാലത്തേക്ക് മന്ത്രിയാകുന്നതിൽ നിന്ന് മാറി നിൽക്കേണ്ടിവരിക. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടന്നവർ ആറ് വർഷം മത്സരിക്കാൻ പാടില്ലെന്നാണ് നിയമം. ഇവിടെ അത് ബാധകമല്ല.
എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം കിട്ടിയാൽ വീണ്ടും ജലീലിനെ മന്ത്രിയാക്കുന്നതിൽ നിയമ തടസമില്ല. എന്നാൽ, ധാർമ്മികത വച്ച് നോക്കിയാൽ അത് വിമർശനത്തിന് ഇടയാക്കിയേക്കാം. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത പ്രഖ്യാപിക്കുകയും, മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുകയും ചെയ്ത നിമിഷം തന്നെ രാജി വയ്ക്കണമായിരുന്നുവെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
ജലീൽ രണ്ടാമൻ
വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലോകായുക്ത നിയമപ്രകാരം രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. കുറ്റക്കാരനാണെന്ന് ലോകായുക്ത പ്രഖ്യാപിച്ച ശേഷം രാജിവയ്ക്കുന്ന ആദ്യമന്ത്രിയും. ആദ്യം രാജിവച്ചത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രൻ മാസ്റ്ററായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന രാമചന്ദ്രൻ മാസ്റ്റർ ഡി.എം.ഒയോട് തന്റെ വേണ്ടപ്പെട്ട ഒരാളെ നിയമിക്കണമെന്ന് ഫോണിലൂടെ ശുപാർശ ചെയ്തതാണ് പ്രശ്നമായത്. ആ കേസിൽ ലോകായുക്ത വിധി പറയുന്നതിന് തൊട്ടുമുമ്പ് രാമചന്ദ്രൻമാസ്റ്റർ രാജിവയ്ക്കുകയായിരുന്നു. ജലീലിന്റെ രാജി ലോകായുക്ത ഉത്തരവിനു ശേഷവും. നിയമന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു രണ്ട് രാജിയും.