jaleel

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ ആരോപണങ്ങളൊഴിയാത്ത മന്ത്രിയെന്ന ദുഷ്‌പേരുമായാണ് ജലീലിന്റെ പടിയിറക്കം. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടിവന്ന സംസ്ഥാനചരിത്രത്തിലെ ഏക മന്ത്രി, ബന്ധുനിയമനം, മാർക്ക് ദാനം, ഭൂമി വിവാദം, സ്വർണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധം,യു.എ.ഇ കോൺസുലേറ്റിൽ നിന്നും പാഴ്സൽ കൊണ്ടുപോകൽ വിവാദം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു ജലീലിനെതിരെ ഉയർന്നത്. സ്വർണക്കടത്ത് കേസിൽ ജലീലിന് ക്ളീൻചിറ്റ് നൽകിയിട്ടില്ലെന്നാണ് എൻ.ഐ.എയും ഇ.ഡി.യും കസ്റ്റംസും പറയുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടിയെന്ന അതികായനെ വീഴ്ത്തിയതോടെയാണ് സി.പി.എമ്മിൽ താരമായത്. പിണറായി സർക്കാരിൽ തദ്ദേശസ്വയംഭരണ മന്ത്രി കൂടിയായതോടെ ശക്തനായി.

ഭരണ മികവില്ലെന്ന വിമർശനം ഇടതുമുന്നണിയിൽ ശക്തമായതോടെ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും വഖഫിന്റെയും ചുമതല ഏൽപ്പിച്ചു. അവിടെയും വിവാദങ്ങൾ പിന്തുടർന്നു. സാങ്കേതിക സർവകലാശാലയിൽ ചട്ടവിരുദ്ധമായി അദാലത്തിൽ പങ്കെടുത്തതും, അനർഹമായി മാർക്ക് ദാനം നടത്തിയതും പ്രതിപക്ഷം സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റി. പരീക്ഷാഫലം വന്നശേഷം വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകാൻ ഇടപെട്ടതും വൻവിവാദമായി.

ഇതിനു പിന്നാലെയാണ് തിരൂർ മലയാളം സർവകലാശാല ഭൂമി വിവാദത്തിലും കുടുങ്ങിയത്. സി.ആർ.ഇസഡ് സോൺ-3ൽ പെടുന്ന ഭൂമി സർവകലാശാലയ്ക്ക് വേണ്ടി വൻവിലകൊടുത്ത് വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.

പിണറായി സർക്കാരിന് തലവേദനയുണ്ടാക്കിയ മറ്റൊരു വിവാദമായിരുന്നു ബന്ധുനിയമനം. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി ബാങ്ക് ജീവനക്കാരനായ ബന്ധു കെ.ടി.അദീബിനെ നിയമിച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്. തസ്തിക നിർദേശിക്കുന്ന യോഗ്യതകളില്ലാത്തൊരാളെ ബന്ധുവാണെന്ന ഒറ്റക്കാരണം കൊണ്ട് സുപ്രധാന പദവിയിൽ നിയമിച്ചതിനെതിരെ ലോകായുക്തയിൽ പരാതിയെത്തി. അർഹരായ പലരെയും മറികടന്ന് നിയമനം നടന്നതെന്ന ആരോപണത്തിന് തെളിവുകളും പുറത്തു വന്നു. അബീദ് സ്ഥാനം രാജിവച്ചുവെങ്കിലും കേസ് അവസാനിച്ചില്ല. ഒടുവിൽ വിധി ജലീലിന് എതിരാവുകയും ചെയ്തു

സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷുമായി ജലീൽ സൗഹൃദം പുലർത്തിയതിനുള്ള തെളിവുകളും പുറത്തുവന്നു. 2020 ജൂലായ് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രബാഗേജ് സൗകര്യം ദുരുപയോഗം ചെയ്തതിന് പിന്നാലെയുണ്ടായ സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട ഒരേയൊരു മന്ത്രിയാണ് കെ.ടി.ജലീൽ. നയതന്ത്രബാഗേജിലൂടെ കടത്തിയ 8000ത്തോളം വിശുദ്ധഗ്രന്ഥങ്ങളും 17000കിലോഗ്രാം ഇൗന്തപ്പഴപാക്കറ്റുകളും മന്ത്രി കൈപ്പറ്റിയയിൽ ദുരൂഹത കണ്ടെത്തിയതോടെയായിരുന്നു ഇത്. 250പാക്കറ്റുകളിലായി കൊണ്ടുവന്ന വിശുദ്ധഗ്രന്ഥവും ഇൗന്തപ്പഴവും മന്ത്രിയുടെ കീഴിലുള്ള സി.ആപ്റ്റിന്റെ വാഹനത്തിലാണ് കൊണ്ടുപോയത്. പാക്കറ്റുകൾ എങ്ങോട്ട് കൊണ്ടുപോയെന്ന ചോദ്യത്തിന് പലതവണ ചോദ്യം ചെയ്തിട്ടും മന്ത്രി ഉത്തരംനൽകിയിട്ടില്ലെന്നാണ് അറിയുന്നത്. കേസിൽ ക്ളീൻചിറ്റ് നൽകിയിട്ടില്ലെന്ന് ഇ.ഡി.വ്യക്തമാക്കിയതോടെ വിവാദം തുടരാനാണ് സാധ്യത.