veena-s-nair-

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായരുടെ പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് സ്ഥാനാർത്ഥി വീണ എസ്. നായർ അന്വേഷണ കമ്മിഷന് പ്രാഥമിക മൊഴി നൽകി. കമ്മിഷൻ ആവശ്യപ്പെട്ട പ്രകാരം തനിക്ക് പറയാനുള്ളതെല്ലാം വീണാ നായർ എഴുതി നൽകി.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം ചെയർമാനും സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൽ.കെ. ശ്രീദേവി എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാവിലെ ഇന്ദിരാ ഭവനിൽ സിറ്റിംഗ് തുടങ്ങും മുമ്പ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അന്വേഷണ വിഷയങ്ങൾ കമ്മിഷന് കൈമാറി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉദാസീനത ഉണ്ടായോ, സ്ഥാനാർത്ഥിക്കെതിരെ ഗൂഢാലോചന നടന്നോ, പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ ആസൂത്രിത നീക്കങ്ങളുണ്ടോ, നേതൃതലത്തിൽ നിന്നുള്ള ആരെങ്കിലും ഇക്കാര്യങ്ങളിൽ ഇടപെട്ടോ തുടങ്ങിയ വിഷയങ്ങളാവും അന്വേഷിക്കുക.

മേയ് രണ്ടിന് വോട്ടെണ്ണൽ കഴിഞ്ഞ ശേഷമാവും അടുത്ത സിറ്റിംഗ്.