നാടകീയ രാജി, ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ
തിരുവനന്തപുരം: കെ.ടി. ജലീലിന് കുരുക്കായ ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പേരു കൂടി ഉൾപ്പെട്ടത് സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെ, ലോകായുക്ത വിധിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്റെ നാടകീയ രാജി.
ഇടതു മുന്നണിയുടെ തുടർഭരണ സ്വപ്നം ഫലിക്കുമോ എന്നറിയാൻ പതിനെട്ടു ദിവസം മാത്രം ബാക്കിയിരിക്കെയാണ് ധാർമ്മികതയുടെ പേരിലെന്ന പ്രഖ്യാപനത്തോടെ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രിപദത്തിൽ നിന്ന് ജലീലിന്റെ 'അസാധാരണ' പടിയിറക്കം. ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും ലോകായുക്തയുടെ ഉത്തരവെത്തി നാലാം ദിവസത്തെ രാജി, സി.പി.എമ്മിൽ നിന്ന് ഉൾപ്പെടെയുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട്. പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വരുന്ന അഞ്ചാമനാണ് കെ.ടി. ജലീൽ.
വഴിവിട്ട് നിയമനം നൽകിയ ബന്ധുവായ കെ.ടി. അദീബിനെ രാജിവയ്‌പിച്ച് വിവാദത്തിൽ നിന്ന് തലയൂരാൻ നേരത്തേ ശ്രമിച്ചെങ്കിലും, സി.പി.എമ്മിനെയും സർക്കാരിനെയും കെണിയിലാക്കിയ അനന്തര വിവാദങ്ങളിലും ജലീൽ കഥാപാത്രമായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പം പുറത്താവുകയും, എൻ.ഐ.എ ജലീലിനെ ചോദ്യം ചെയ്യുകയും ചെയ്തതോടെ സി.പി.എമ്മിൽ മുറുമുറുപ്പ് ഉയർന്നപ്പോഴും മുഖ്യമന്ത്രിയുടെ തണൽ ജലീലിനെ തുണച്ചു. യു.എ.ഇ കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥത്തിന്റെ കോപ്പികൾ കെ.ടി. ജലീൽ വിവിധ സ്ഥലങ്ങളിലേക്ക് സർക്കാർ വാഹനത്തിൽ അയച്ചതും വിവാദമായി.
ഇപ്പോൾ, ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയോടെ സി.പി.എമ്മിന് ജലീൽ 'ദീർഘകാല ഭാര'മാകുമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ വാദം ശക്തമായിരുന്നു. വിധിക്കെതിരെയുള്ള റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ തന്നെയെത്തിയ രാജി പ്രഖ്യാപനം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ കടുപ്പം വ്യക്തമാക്കുന്നതാവുകയും ചെയ്തു. ജലീൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ചുമതല തത്കാലം മുഖ്യമന്ത്രി വഹിക്കും.
രാജി വന്ന വഴി
തൃശൂരിൽ ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലായിരുന്ന മന്ത്രി ജലീലിന്റെ രാജിക്കാര്യത്തിൽ പാർട്ടിതല ധാരണ തിങ്കളാഴ്ച.
രാജിക്കത്ത് തയ്യാറാക്കി ഗൺമാനെ ഏല്പിച്ച ജലീൽ തിങ്കളാഴ്ച രാത്രിയോടെ മലപ്പുറത്തേക്ക്
ഗൺമാൻ രാജിക്കത്ത് ഇന്നലെ രാവിലെ പത്തരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേല്പിച്ചു
അവിടെ നിന്ന് ഫാക്സ് വഴി മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി ഒപ്പു വച്ച് തിരിച്ചയച്ചു
11ന് രാജിക്കത്ത് രാജ്ഭവനിലേക്ക്. ഒരു മണിക്ക് ഗവർണർ അംഗീകരിച്ചു
ഒരു മണിക്ക് ജലീൽ വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കാനായിരുന്നു ധാരണ
12 മണിക്ക് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ രാജി അറിയിച്ചു.
കമന്റ്
.............
എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തത്കാലം ആശ്വസിക്കാം
കെ.ടി. ജലീൽ
ലോകായുക്തയുടെ വിധി വന്നശേഷവും ജലീൽ മന്ത്രിയായി തുടരുകയാണോ?
-ഹൈക്കോടതി
ലോകായുക്തയുടെ വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. ഹർജി വിധി പറയാൻ മാറ്റി.
ഇത് സത്യത്തിന്റെ കൂടെ നിന്നതിന്റെ വിജയമാണ്.
-പി.കെ. ഫിറോസ്,
യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി
.