തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നുരാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. ആദ്യം രാജിവച്ചത് ഇ.പി. ജയരാജനാണ്. അവസാനം ജലീലും. രണ്ടുപേരും ഒഴിഞ്ഞത് ബന്ധുനിയമനവിവാദത്തിൽ കുടുങ്ങിയാണ്. സർക്കാരിന് അഞ്ചുമാസം തികയും മുമ്പായിരുന്നു ആദ്യരാജി. അവസാനരാജി അഞ്ചു വർഷം തികയാൻ ഒരു മാസവും പന്ത്രണ്ടു ദിവസവും ബാക്കിനിൽക്കെ.
2016 മേയ് 25 നാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്. ജയരാജന് പിന്നാലെ
പലപ്പോഴായി എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്യു ടി. തോമസും രാജിവച്ചു. ജയരാജനും ശശീന്ദ്രനും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി.
2016, ഒക്ടോബർ 14
ഇ.പി. ജയരാജൻ
സർക്കാർ 142 ദിവസം പിന്നിട്ടപ്പോഴാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ രാജിവച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഭാര്യാ സഹോദരിയായ പി.കെ. ശ്രീമതി എം.പിയുടെ മകൻ ഉൾപ്പെടെയുള്ള ബന്ധുക്കളെ നിയമിച്ചതാണ് വിവാദമായത്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജനെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മന്ത്രി രാജിക്കത്ത് കൈമാറി. വിജിലൻസ് കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് വീണ്ടും മന്ത്രിയായി.
2017 മാർച്ച് 26
എ.കെ. ശശീന്ദ്രൻ
ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സ്വകാര്യ ചാനലിലൂടെ പുറത്തുവന്നു. അന്നുതന്നെ രാജിവച്ചു. ഏപ്രിൽ ഒന്നിന് തോമസ് ചാണ്ടി ഗതാഗതവകുപ്പ് മന്ത്രിയായി. പിന്നീട് ശശീന്ദ്രൻ തിരിച്ചുവന്നു.
2017 നവംബർ 15
തോമസ് ചാണ്ടി
തോമസ് ചാണ്ടി ഗതാഗത മന്ത്രിയായിരുന്നത് 229 ദിവസം. റിസോർട്ടിനോടു ചേർന്നുള്ള കായൽ കയ്യേറ്റ കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് രാജിക്കു കാരണം. മന്ത്രിസ്ഥാനം നിലനിറുത്താൻ പരമാവധി ശ്രമിച്ചെങ്കിലും സ്വന്തം പാർട്ടിയായ എൻ.സി.പി കൈവിടുകയായിരുന്നു.
2018 നവംബർ 26
മാത്യൂ ടി. തോമസ്
രണ്ടര വർഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ.ഡി.എസ് കേരളഘടകത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ധാരണ പ്രകാരമായിരുന്നു ജലവിഭവ വകുപ്പു മന്ത്രിയായിരുന്ന മാത്യു ടി. തോമസിന്റെ രാജി. ചിറ്റൂരിൽ നിന്നുള്ള എ.കെ. കൃഷ്ണൻകുട്ടി മന്ത്രിയായി.
2021 ഏപ്രിൽ 13
കെ.ടി. ജലീൽ
ബന്ധു നിയമനത്തിനായി ഇടപെട്ടതിനാൽ മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണനയ്ക്കെടുത്ത വേളയിൽത്തന്നെ രാജി വച്ചു. ധാർമികത മുൻനിറുത്തി രാജിവയ്ക്കുന്നെന്നാണ് രാജിക്കത്തിൽ പറഞ്ഞത്.
യു.ഡി.എഫിൽ 3 പേർ
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ മൂന്നുമന്ത്രിമാർ രാജിവച്ചു. ഗാർഹിക പീഡന പരാതിയിൽ കെ.ബി ഗണേശ് കുമാറും ബാർ കോഴക്കേസിൽ കെ.എം. മാണിയും പുറത്തായി. ബാർ കോഴയിൽ ആരോപണ വിധേയനായ കെ. ബാബു രാജിവച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജിക്കത്ത് ഗവർണർക്കു കൈമാറിയില്ല. അതിനാൽ ബാബു തിരിച്ചെത്തുകയായിരുന്നു.