jaleel-and-communist-part

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞുള്ള ഇടവേളയാണെങ്കിലും ഭരണത്തിന്റെ അവസാനനാളുകളിൽ സർക്കാരിന് പേരുദോഷമുണ്ടാക്കുന്ന പ്രതിസന്ധിക്ക് താൻ വഴിയൊരുക്കുന്നത് ശരിയാവില്ലെന്ന ബോദ്ധ്യമാണ് മന്ത്രിസ്ഥാനത്തുനിന്നുള്ള കെ.ടി. ജലീലിന്റെ രാജി ഒടുവിൽ അനിവാര്യമാക്കിയത്. തുടർഭരണ പ്രതീക്ഷ പുലർത്തുന്ന ഇടതുമുന്നണിക്ക് ഇതൊരു വൈതരണിയാവുന്നത് സി.പി.എം നേതൃത്വത്തിനും ഉൾക്കൊള്ളാനാകുമായിരുന്നില്ല. ജലീലിന്റെ റിട്ട്. ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് രാജി.

അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയത്തിൽ വിള്ളലുണ്ടാക്കുന്ന പ്രതീതിയാണ് ലോകായുക്ത ഉത്തരവിന് ശേഷമുള്ള സംഭവവികാസങ്ങൾ ഉണർത്തിയത്. മന്ത്രിയെ പുറത്താക്കണമെന്ന ഉത്തരവ് കടന്ന കൈയായോയെന്ന് സന്ദേഹിക്കുമ്പോഴും ,ലോകായുക്തയുടെ വിധി ശക്തമായിരുന്നുവെന്ന് സി.പി.എം തിരിച്ചറിഞ്ഞു. വിധിക്കെതിരെ അപ്പീലിന് വ്യവസ്ഥയില്ലാതിരുന്നിട്ടും ,ഹൈക്കോടതിയിൽ ജലീൽ റിട്ട് ഹർജി നൽകി. നേരത്തേ ഗവർണറും ഹൈക്കോടതിയും തള്ളിയ കേസെന്ന വ്യാഖ്യാനമാണ്, ഹൈക്കോടതിയിൽ പോകാനുള്ള ജലീലിന്റെ നീക്കത്തെ തുടക്കത്തിൽ പിന്തുണയ്ക്കാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാതിരുന്നതും അനിശ്ചിതത്വം സൃഷ്ടിച്ചു.

ലോകായുക്ത ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത് തിങ്കളാഴ്ചയാണ്. അപ്പോൾ തന്നെ അത് മുഖ്യമന്ത്രിക്ക് ലഭ്യമാക്കി. അദ്ദേഹം വായിച്ച് മനസ്സിലാക്കിയ ശേഷം പാർട്ടി നേതൃത്വവുമായും ജലീലുമായും ആശയവിനിമയം നടത്തിയതായാണ് വിവരം. രാജി അനിവാര്യമെന്ന നിലയിലേക്ക് ചർച്ചകളെത്തി.

റിട്ട. സുപ്രീംകോടതി ജഡ്ജിയായ ലോകായുക്ത സിറിയക് തോമസിന്റെ ഉത്തരവ് കൃത്യവും വ്യക്തവുമാണ്. അതിനെതിരായ റിട്ട് ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് ചിലപ്പോൾ അനുകൂല നിലപാടുണ്ടാവില്ലെന്ന വിലയിരുത്തലും നിയമവിദഗ്ദ്ധരിൽ നിന്നടക്കം ഉണ്ടായി. ഹൈക്കോടതിയിൽ നിന്ന് എന്തെങ്കിലും ഉത്തരവുണ്ടാകും മുമ്പു രാജി വച്ചാൽ അത് ധാർമ്മികത ഉയർത്തിപ്പിടിക്കലാവുമെന്നും വിലയിരുത്തി. തുടർഭരണസാദ്ധ്യതയുണ്ടായാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിലെ വെല്ലുവിളികളൊഴിവാക്കാനും ഇതാണുപകരിക്കുക. ഇനി, ഹൈക്കോടതിയിൽ നിന്ന് തട്ടു കിട്ടിയതിന്റെ പേരിൽ രാജിവച്ചാലത് കനത്ത നാണക്കേടുമാകും. പ്രതിപക്ഷം ആക്രമണം കനപ്പിക്കും.

തിങ്കളാഴ്ച മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിയാലോചനകളിൽ രാജി തീരുമാനം ഉരുത്തിരിഞ്ഞതോടെ, രാത്രിയിൽ തന്നെ ജലീൽ രാജിക്കത്ത് തയാറാക്കി ഗൺമാനെ ഏല്പിച്ച് മലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.