തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് കൊടിയിറങ്ങിയതോടെ ഒതുക്കിവച്ച വെള്ളക്കരം കൂട്ടൽ പദ്ധതി വാട്ടർ അതോറിട്ടി പൊടിതട്ടിയെടുക്കുന്നു. ഗാർഹികം, ഗാർഹികേതരം വ്യവസായ മേഖലയിൽ അടിസ്ഥാന താരിഫിന്റെ അഞ്ച് ശതമാനമാണ് കൂട്ടുന്നത്. ഓരോ വർഷവും അഞ്ച് ശതമാനം കൂട്ടാനാണ് നിർദ്ദേശം. ഇതോടെ കുടിവെള്ളത്തിനായി ജനം പൊന്നുംവില നൽകേണ്ടിവരും. വാട്ടർ അതോറിട്ടിയുടെ വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവർക്കിത് കനത്ത ഭാരമാകും.
2014 ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. പിന്നീട് വെള്ളക്കരം കൂട്ടാൻ വാട്ടർ അതോറിട്ടി ഒരുങ്ങിയെങ്കിലും സർക്കാർ തടയുകയായിരുന്നു. എന്നാൽ കൂട്ടാതെ മുന്നോട്ട് പാേകാനാവില്ലെന്ന് വാട്ടർ അതോറിട്ടി ഉറച്ച നിലപാടെടുത്തതോടെ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നായി സർക്കാർ. അതിന്റെ മറവിലാണ് വെള്ളക്കരം കൂട്ടുന്നത്. ഏപ്രിൽ ഒന്നു മുതൽ 5 ശതമാനം വെള്ളക്കരം കൂട്ടാനിരുന്നതാണ്. എന്നാൽ ആറിന് വോട്ടെടുപ്പായതിനാൽ താത്കാലികമായി നിറുത്തിവച്ചു.
വെള്ളക്കരം കൂട്ടുന്നതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ എന്നത് 4.20 രൂപയാകും. കേന്ദ്ര സർക്കാരിന്റെ അധിക വായ്പ വ്യവസ്ഥ പാലിക്കാനുള്ള ഉപാധിയായിട്ടാണ് വെള്ളക്കരം കൂട്ടുന്നത്.
നിലവിലെ വെള്ളക്കരം (ഗാർഹികേതര കണക്ഷൻ)
15 മുതൽ 30 ലിറ്റർ- 225 രൂപ
30 മുതൽ 50 ലിറ്റർ- 540 രൂപ
50 ന് മുകളിൽ- 1100 രൂപ
ടാങ്കർ ലോറി വെള്ളം- 60 രൂപ
നഗരങ്ങളിലെ പബ്ളിക് ടാപ്പിന് (ഒരുവർഷത്തേക്ക്)- 7884 രൂപ
ഗ്രാമങ്ങളിലെ പബ്ളിക് ടാപ്പിന് (ഒരുവർഷത്തേക്ക്)- 5250 രൂപ