2016 ജൂലായ് 26: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറുടെ യോഗ്യത ഭേദഗതി ചെയ്യണമെന്ന് മന്ത്രി കെ.ടി.ജലീൽ പൊതുഭരണ (ന്യൂനപക്ഷക്ഷേമ ) വകുപ്പ് സെക്രട്ടറിക്ക് മന്ത്രി കെ.ടി.ജലീലിന്റെ കത്ത്.
ജനറൽ മാനേജറുടെ യോഗ്യത മാർക്കറ്റിങ്ങിലോ ,ഫിനാൻസിലോ എം.ബി.എയോ, മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ കമ്പനി സെക്രട്ടറി, സി.എ , ഐ.സി. ഡബ്ള്യൂ.എ.ഐ . തന്റെ പിതൃ സഹോദരന്റെ കൊച്ചുമകനായ കെ.ടി.അദീബിനെ നിയമിക്കാനായി അയാൾക്കുള്ള ബി.ടെക്കും പി.ജി.ഡി.ബി.എയും കൂടി എം.ഡിയുടെ യോഗ്യതയിൽ ഉൾപ്പെടുത്താനായിരുന്നു കത്ത്.
കോർപ്പറേഷണ ജി.എം ആയിരുന്ന ഫൈസൽ മുനീറിന് മൂന്നു വർഷം കൂടി ഉണ്ടായിരുന്നെങ്കിലും കരാർ നിയമനത്തിന്റെ ഒരു വർഷം കണക്കാക്കി പിരിച്ചു വിട്ടു.
2016 ഒക്ടോബർ 26: പുതിയ യോഗ്യത കൂടി ഉൾപ്പെടുത്തി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇന്റർവ്യൂ . ഏഴ് അപേക്ഷകരിൽ അദീബ് ഉൾപ്പെടെ നാലുപേർ അഭിമുഖത്തിനെത്തിയില്ല. ഹാജരായ മറ്റ് മൂന്നു പേർക്കും ഡെപ്യൂട്ടേഷന് യോഗ്യതയില്ല.
ബന്ധുനിയമന വിവാദത്തെ തുടർന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രാജിവച്ചതിനാൽ നിയമന നടപടികൾ മരവിപ്പിക്കുകയാണെന്ന് രഹസ്യമായി അറിയിപ്പ് കിട്ടിയതുകൊണ്ടാണ് അദീബ് വരാതിരുന്നതെന്ന് സൂചന.
2018 ഒക്ടോബർ 8 : കെ.ടി അദീബിനെ ജനറൽ മാനേജരായി നിയമിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായിരുന്ന അദീബ് അപേക്ഷ അയയ്ക്കുമ്പോൾ മാതൃ സ്ഥാപനത്തിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കിയിരുന്നില്ല.
2018 നവംബർ 2: ബന്ധുവായ അദീബിനെ നിയമിക്കാൻ ചട്ടങ്ങൾ മറികടന്ന് മന്ത്രി കെ.ടി. ജലീൽ ഇടപെട്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണം . മന്ത്രിക്കെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെയും വിജിലൻസിനെയും ലോകായുക്തയെയും സമീപിച്ചു.
2018 നവംബർ 3: യോഗ്യരായ ആരെയും കിട്ടാതായതോടെ കോർപറേഷന്റെ അഭ്യർഥനയനുസരിച്ചാണ് അദീബ് അപേക്ഷ നൽകിയതെന്ന് മന്ത്രിയുടെ വിശദീകരണം.
2018 നവംബർ 12: വിവാദത്തെത്തുടർന്ന് അദീബ് രാജിവച്ചു. നിയമനം സർക്കാർ റദ്ദാക്കി..
2018 നവംബർ 14: യോഗ്യതയിൽ ഇളവു വരുത്താനുള്ള തീരുമാനം മന്ത്രിസഭ ചർച്ച ചെയ്യേണ്ടെന്നു മുഖ്യമന്ത്രിയോടു പറഞ്ഞത് ജലീലാണെന്ന രേഖകൾ പുറത്ത്.
2019 ഫെബ്രുവരി 8: ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു ലോകായുക്ത സമൻസ്.
2019 മാർച്ച് 6: വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സർക്കാർ.
2019 ജൂൺ 18: നിയമനത്തിൽ അപാകതയില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ.
2019 ജൂലായ് 5: ബന്ധുനിയമന ആരോപണം രാഷ്ട്രീയ സ്വഭാവത്തിലല്ലേയെന്നു ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ കേസില്ലെന്ന് വിജിലൻസ്.
.2019 ജൂലായ് 11: പി.കെ. ഫിറോസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു.
2019 സെപ്തംബർ 6: ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഫിറോസ് നൽകിയ അപേക്ഷ ഗവർണർ തള്ളി.
2021 ഏപ്രിൽ 9: സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ മന്ത്രി ജലീലിനു തുടരാൻ അർഹതയില്ലെന്നും, മന്ത്രിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ലോകായുക്ത ഉത്തരവ്.
2021 ഏപ്രിൽ 11: ബന്ധു നിയമനത്തിനായി യോഗ്യത തിരുത്തിയത് മുഖ്യമന്ത്രി അംഗീകരിച്ച രേഖ പുറത്ത്.
2021 ഏപ്രിൽ 12: വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ.
2021 ഏപ്രിൽ 13: ഹൈക്കോടതി റിട്ട് ഹർജി പരിഗണിക്കുന്നതിനിടെ ജലീലിന്റെ രാജി.