തിരുവനന്തപുരം: ജനാധിപത്യ സർക്കാരുകൾ അധികാരത്തിൽ വന്നശേഷം കോടതി കേസുകളുടെ പേരിൽ മാത്രം മന്ത്രിസ്ഥാനം ത്യജിക്കേണ്ടി വന്ന നിരവധി നേതാക്കളുണ്ട്. അതിലെ അവസാന കണ്ണിയാണ് കെ.ടി.ജലീൽ.
കേരളത്തെ പിടിച്ചു കുലുക്കിയ രാജൻ കേസിന്റെ പേരിൽ, 117 എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്ന മുഖ്യമന്ത്രി കെ.കരുണാകരന് രാജിവയ്ക്കേണ്ടി വന്നു. അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് കരുണാകരനെതിരെ ആരോപണമുയർന്നതെങ്കിലും പിന്നീട് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കോടതി പരാമർശം വരുന്നത്. രാഷ്ട്രീയ പ്രസംഗത്തിലെ ഏറെ വിവാദമുയർത്തിയ 'പഞ്ചാബ് മോഡൽ' പരാമർശമാണ് 1985-ൽ കേരള കോൺഗ്രസ് നേതാവായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ രാജിയിലേക്ക് നയിച്ചത്. പിന്നീട് ഇടമലയാർ കേസിൽ കുറ്റക്കാരനാണെന്ന് കോടതി പരാമർശിച്ചതിനെ തുടർന്ന് 1995-ൽ അദ്ദേഹത്തിന് ഗതാഗത മന്ത്രിസ്ഥാനം ത്യജിക്കേണ്ടി വന്നു.
1982 മുതൽ 86 വരെയുള്ള കെ.കരുണാകരൻ മന്ത്രിസഭയിൽ ജലസേചന വകുപ്പ് കൈകാര്യം ചെയ്ത എം.പി.ഗംഗാധരൻ നിയമാനുസൃതമുള്ള പ്രായമെത്തും മുമ്പെ മകളെ വിവാഹം കഴിപ്പിച്ചതിന്റെ പേരിൽ കോടതിയിൽ കേസെത്തിയതോടെയാണ് രാജി വച്ചത്. ഇതേ മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്ത മുൻ ജില്ലാ ജഡ്ജി കൂടിയായ മന്ത്രി എൻ.ശ്രീനിവാസന് രാജിവയ്ക്കേണ്ടി വന്നതും കോടതി അഴിമതി കണ്ടെത്തിയതിന്റെ പേരിലാണ്. ലോകായുക്ത നിലവിൽ വരാതിരുന്ന അക്കാലത്ത് പൊതുപ്രവർത്തക അഴിമതി നിരോധന കമ്മിഷനാണ് ശ്രീനിവാസന്റെ മന്ത്രി സ്ഥാനത്തിന് തടയിട്ടത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ ബാർ കോഴ കേസിൽ കോടതിയുടെ പ്രതികൂല പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ രാജി. പലവിധ കാരണങ്ങളാൽ അമ്പതിലേറെ മന്ത്രിമാരാണ് കേരളത്തിൽ രാജി വയ്ക്കേണ്ടി വന്നത്.അഴിമതി, സ്വജനപക്ഷപാതം, സദാചാരവിരുദ്ധ പ്രർത്തനം തുടങ്ങിയവയാണ് കാരണങ്ങൾ. ധാർമ്മികതയുടെ പേരിൽ രാജി വച്ചവരുമുണ്ട് ആർ.ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോ സദാചാരപരമായ ആരോപണങ്ങളുടെ പേരിലാണ് 1964-ൽ രാജിവച്ചത്. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. ഒരു പക്ഷേ, കേരള കോൺഗ്രസിന്റെ പിറവിയിലക്ക് നയിച്ചതും ഈ രാജിയാണ്.