തിരുവനന്തപുരം: വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചയാളെ പിടികൂടി. വെങ്ങാനൂർ അണ്ടൂർവിളാകം എസ്.ആർ ഭവനിൽ വിശ്വംഭരനെയാണ് (55) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തത്. ഇന്നലെ രാവിലെ 6ന് വിഴിഞ്ഞം വെങ്ങാനൂർ റൂട്ടിലെ കണ്ടക്ടറായ അരുവിക്കര സ്വദേശി വിശ്വനാഥിനെയാണ് ഇയാൾ ക്രൂരമായി മർദ്ദിച്ചത്. വിശ്വംഭരൻ ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിലുള്ള വിരോധത്തിൽ കണ്ടക്ടറെ ചവിട്ടി വീഴ്‌ത്തുകയും കൈയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന വെട്ടുകത്തി കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, സുരേഷ്, സി.പി.ഒ സജൻ എന്നിവരടങ്ങിയ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.