മലയിൻകീഴ്: തച്ചോട്ടുകാവ് മഞ്ചാടി റോഡിൽ ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തച്ചോട്ടുകാവ് മച്ചിനാട് ഗ്രേസ് ഭവനിൽ അജയലാലാണ് (46, ജോയി ) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെ തച്ചോട്ടുകാവ് മഞ്ചാടി റോഡിൽ അഭയയ്‌ക്ക് സമീപത്താണ് അപകടമുണ്ടായത്. തച്ചോട്ടുകാവ് ഭാഗത്തേക്ക് പോകുമ്പോൾ ഒരാൾ കൈകാണിച്ചതിനെ തുടർന്ന് വേഗത കുറച്ച് ഓട്ടോ നിറുത്തുന്നതിനിടെ പിന്നാലെ അമിത വേഗതയിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. റോഡിന് ഇടതുവശത്ത് തെറിച്ചുവീണ അജയലാലിന്റെ തലയിലൂടെ ടിപ്പറിന്റെ പിറകിലത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ എതിരെ വരികയായിരുന്ന കാർ ഇടിച്ചുതകർത്തു. അപകടമുണ്ടായ സ്ഥലത്ത് പാർക്ക് ചെയ്‌തിരുന്ന മറ്റൊരുകാറിലും ടിപ്പർ ഇടിച്ചു. ടയറിൽ തല കുടുങ്ങിയ നിലയിലായിരുന്ന അജയലാലിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മലയിൻകീഴ് എസ്.എച്ച്.ഒ.സുരേഷ് കുമാർ,എസ്.ഐ.സുബിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച അജയലാലിന്റെ ഭാര്യ: എസ്.വി.ആശ. മക്കൾ : വിദ്യാർത്ഥികളായ അക്ഷയ്, ആബേൽ. കാട്ടാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് റോഡ് വൃത്തിയാക്കി. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ റോഡിൽ മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.