തിരുവനന്തപുരം: ന്യൂതിയേറ്റർ റോഡിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടുറോഡിൽ പായ വിരിച്ച് പ്രതിഷേധിച്ച് യുവാക്കൾ.
ജീമോൻ കല്ലുപുരയ്ക്കൽ (38), അജു കെ. മധു (27) എന്നിവരാണ് തമ്പാനൂർ ഓവർബ്രിഡ്‌ജിൽ പായ വിരിച്ചുകിടന്നത്. ഗതാഗതക്കുരുക്കിനെ തുടർന്ന് യുവാക്കളെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. നടുറോഡിൽ പായ വിരിച്ച് കിടന്നതിനും ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനും കേസെടുത്തശേഷം ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം ന്യൂതിയേറ്റർ റോഡിൽ കട്ടിലിൽ കിടന്ന് ജീമോൻ കല്ലുപുരയ്ക്കൽ പ്രതിഷേധിച്ചിരുന്നു. ന്യൂതിയേറ്റർ റോഡിനെ മാലിന്യക്കുളമാക്കിയ ഓടകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.