ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. മുഹമ്മദ് ഷെഫീക്കിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതായി പരാതി.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അതിൽനിന്നും യഥാർത്ഥ ഫേസ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളെ വ്യാജൻ സുഹൃത്താക്കും. തുടർന്ന് മെസഞ്ചെർ വഴി പണം ചോദിച്ചാണ് തട്ടിപ്പ് നടത്തിയത്. തൃശൂർ സ്വദേശിയായ സുഹൃത്ത് ഇന്നലെ വിളിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം നടന്നതറിഞ്ഞത്. തിങ്കളാഴ്ച മുഹമ്മദ് ഷെഫീക്കും തൃശൂർ സ്വദേശിയും ഫോണിൽ സംസാരിച്ചിരുന്നു. ഇന്നലെ രാവിലെ മുഹമ്മദ് ഷെഫീക്കിന്റെ അക്കൗണ്ടിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയപ്പോൾ സുഹൃത്തിന് സംശയമായി. തുടർന്ന് ഷെഫീക്കിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പണം ആവശ്യപ്പെട്ടത് തട്ടിപ്പുകാരനാണെന്ന് വ്യക്തമായത്.
ഇതിന് പിന്നാലെ സമാനമായ രീതിയിൽ പണം ആവശ്യപ്പെട്ടതായി സൂചിപ്പിച്ച് നിരവധിപേർ ഷെഫീക്കിനെ വിളിച്ചു. തുടർന്നാണ് ആലുവ പൊലീസിൽ പരാതി നൽകിയത്. സൈബർസെൽ അന്വേഷണം ആരംഭിച്ചു. അതോടൊപ്പം മുഹമ്മദ് ഷെഫീക്ക് തന്റെ യഥാർത്ഥ ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണംതട്ടുന്ന സംഭവത്തിൽ ജാഗ്രത പാലിക്കണമെന്ന് സുഹൃത്തുക്കളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.