kt-jaleel-1

തിരുവനന്തപുരം: തീവ്രനിലപാടുകളുള്ള സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ(സിമി)

വഴിയാണ് കെ.ടി. ജലീലിന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താർക്കികപ്രശ്നത്തിൽ സിമിയോട് ഇടഞ്ഞ് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിലെത്തി. യൂത്ത് ലീഗിന്റെ റിബൽ പോരാളി പരിവേഷത്തോടെ തിളങ്ങിയപ്പോൾ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയോട് ഇടഞ്ഞു.

2006ൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ ഇടതുസ്വതന്ത്രനായി മത്സരിച്ച് തോല്പിച്ചതോടെ ജലീൽ ജയന്റ് കില്ലറായി. അവിടെ നിന്നിങ്ങോട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉയർച്ചയുടെ പടവുകൾ താണ്ടിയ ജലീൽ മന്ത്രി വരെയായി. പിണറായി മന്ത്രിസഭയിൽ സംഭവബഹുലമായ തന്റെ ഭരണകാലയളവ് ഏതാണ്ട് പൂർത്തിയാക്കുന്ന വേളയിൽ രാജിയും. കെ.ടി. കുഞ്ഞുമുഹമ്മദിന്റെയും പാറയിൽ നഫീസയുടെയും മകനായി തിരൂരിൽ ജനിച്ച ജലീൽ കുറ്റിപ്പുറം ഗവ. ഹൈസ്കൂളിലാണ് ഹൈസ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലുമായി തുടർവിദ്യാഭ്യാസം. എം.ഫിൽ പൂർത്തിയാക്കിയ ശേഷം കേരള സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി. പിന്നീട് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്രാദ്ധ്യാപകൻ.

ലീഗിലേക്ക്

1988ൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ സിമി സ്ഥാനാർത്ഥിയായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. സിമി നേതൃത്വവുമായി ഇടഞ്ഞ് എം.എസ്.എഫിൽ. മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്തംഗവുമായി. കുറ്റിപ്പുറത്ത് നിന്ന് ജില്ലാ കൗൺസിലിലേക്ക് ജയം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി . പാർട്ടിയുടേത് സ്വേച്ഛാധിപത്യഭരണമെന്നാരോപിച്ച് ലീഗിൽ നിന്ന് ഇടതുപക്ഷത്തേക്ക്

കുറ്റിപ്പുറം ജയം

മലപ്പുറത്ത് ലീഗിനെ പിടിച്ചുകെട്ടുകയെന്ന അജൻഡയുമായി 2006ൽ തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഏറ്റവും അനുയോജ്യനായ എതിരാളിയായി ജലീലിനെ കിട്ടി. കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച ജലീൽ ഇടതുപക്ഷത്ത് സ്ഥാനമുറപ്പിച്ചു. സി.പി.എം അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാർട്ടി പ്രവർത്തകനെയെന്ന പോലെ സി.പി.എം കൊണ്ടുനടന്നു. മണ്ഡല പുനർവിഭജന ശേഷം 2011 മുതൽ മത്സരം തവനൂരിൽ. 2011ലും 2016ലും തുടർവിജയങ്ങൾ. 2016ൽ പിണറായി മന്ത്രിസഭയിൽ. ജലീലിന് ആദ്യം തദ്ദേശഭരണ വകുപ്പായിരുന്നു.അതിലെ പ്രവർത്തനങ്ങളിൽ സി.പി.എമ്മിനകത്ത് അതൃപ്തികളുയർന്നു. വിദ്യാഭ്യാസവകുപ്പിന്റെ പ്രവർത്തനവും വിമർശന വിധേയമായപ്പോൾ, ജലീലിന് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ചുമതല കൈമാറി. പൊതുവിദ്യാഭ്യാസം സി. രവീന്ദ്രനാഥിലൊതുക്കി. തദ്ദേശഭരണം എ.സി. മൊയ്തീന് നൽകി.ന്യൂനപക്ഷക്ഷേമ, വഖഫ് വകുപ്പുകളുടെ ചുമതല ജലീൽ തുടർന്നു. രാജിയിലേക്ക് നയിച്ച വിവാദം ന്യൂനപക്ഷ ക്ഷേമ വകുപ്പിലാണെങ്കിലും ,ഉന്നത വിദ്യാഭ്യാസവകുപ്പിലെ ജലീലിന്റെ ഇടപെടലുകളും വിവാദങ്ങളുയർത്തി.